ആയുഷ്മാന്‍ ഭാരത് പദ്ധതി; ആദ്യ ശസ്ത്രക്രിയ്യ ഹരിയാനയില്‍ നടന്നു

surgery

ചണ്ഡീഗഡ്: ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെട്ട ആദ്യ ഹൃദയശസ്ത്രക്രിയ ഹരിയാനയില്‍ നടന്നു. ഝാര്‍ഖണ്ഡിലെ സ്വകാര്യ ആശുപത്രികളുമായുള്ള ധാരണപത്രം ആയുഷ്മാന്‍ ഭാരത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒപ്പുവെച്ചു. പദ്ധതിക്കായി ഈ വര്‍ഷം ആവശ്യമുള്ളതിന്റെ 20 ശതമാനം തുക മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്.

ഹൃദയശസ്ത്രക്രിയ്യക്ക് വിധേയനായത് ഹരിയാനയിലെ ഓട്ടോ ഡ്രൈവര്‍ വിനോദ്കുമാറാണ്. ഇയാള്‍ക്ക് ഒരു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ കിട്ടിയെന്ന് ആയുഷ്മാന്‍ സി.ഇ.ഒ ഇന്ദു ഭൂഷണ്‍ അറിയിച്ചു. ചത്തീസ്ഗഗഡ്, ഹരിയാന, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നാണ് പദ്ധതിക്കായുള്ള കൂടുതല്‍ രജിസ്‌ട്രേഷനുകള്‍ എത്തുന്നത്.

പൈലറ്റ് പദ്ധതിയായി തുടങ്ങിയ ആയുഷ്മാന്‍ ഭാരതിന് ഈ സാമ്പത്തിക വര്‍ഷം മാത്രം 10,000 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രം നീക്കിവെച്ചത് വെറും 2000 കോടി രൂപ മാത്രമാണ്. ഈ തുക ഉപയോഗിച്ച് ലക്ഷ്യം വെക്കുന്ന 10 കോടി പേരില്‍ 10 ശതമാനം പേര്‍ക്കുപോലും 5 ലക്ഷം രൂപവെച്ച് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കാനാകില്ല.

സ്വകാര്യ മേഖലയിലെ അടക്കം 13,000 ത്തിലകം ആശുപത്രികളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ഈ ആശുപത്രികള്‍ക്ക് നല്‍കേണ്ട തുകയുടെ കാര്യത്തിലും അന്തിമതീരുമാനമായിട്ടില്ല. ഝാര്‍ഖണ്ഡിലെ സ്വകാര്യ ആശുപത്രികളുമായുള്ള ധാരണപത്രമാണ് ഇതുവരെ ഒപ്പുവെക്കാനായത്.

ആയുഷ്മാന്‍ പദ്ധതിക്കായി 1110 രൂപയാണ് ഒരാളുടെ പ്രീമിയമായി സര്‍ക്കാര്‍ അടക്കുക. ഈ തുകയുടെ 40 ശതമാനം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. സംസ്ഥാനങ്ങള്‍ക്ക് ഇത് അധിക ബാധ്യതയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് പദ്ധതിയുടെ ആദ്യ ഘട്ടം വിജയകരമാക്കണമെങ്കില്‍ സംസ്ഥാനങ്ങളുമായി കേന്ദ്രത്തിന് വിട്ടുവീഴ്ച ചെയ്യേണ്ടിവരും.

Top