യൂ ട്യൂബില്‍ തരംഗമായി ആയുഷ്മാന്‍ ഖുറാന ചിത്രം ‘ആര്‍ട്ടിക്കിള്‍ 15’ ട്രെയ്‌ലര്‍

യുഷ് മാന്‍ ഖുറാന നായകനായെത്തുന്ന പുതിയ ചിത്രമാണ് ആര്‍ട്ടിക്കിള്‍ 15. ചിത്രത്തിന്റെ ട്രെയ്‌ലര്‍ യൂ ട്യൂബില്‍ തരംഗമായിരിക്കുകയാണ്. ചിത്രം ജൂണ്‍ 28ന് തിയേറ്ററുകളിലെത്തും.

ആയുഷ്മാന്‍ ഖുറാന പൊലീസ് ഓഫീസറായെത്തുന്ന ചിത്രം, 2014ല്‍ ഉത്തര്‍പ്രദേശിലെ ബദൗനില്‍ രണ്ട് ദളിത് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവും തുടര്‍ന്ന് ആ കേസ് അന്വേഷിക്കാനായി അയാന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നേരിടുന്ന വെല്ലുവിളികളിലൂടെയുമാണ് ചിത്രം കടന്നു പോകുന്നത്. കേസ് അന്വേഷണത്തിന്റെ വഴികളില്‍ ജാതി വിവേചനം എത്രമാത്രം ആഴത്തില്‍ വേരൂന്നിയതാണെന്ന് ചിത്രം പറഞ്ഞു പോകുന്നു.

ട്രെയിലറില്‍ ജാതി വ്യവ്സഥയെ വിമര്‍ശിക്കുന്നതും രാജ്യത്ത് സമീപ കാലത്ത് നടന്ന ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ കടന്നു വരുന്നുമുണ്ട്. ഭരണഘടനയെയും അംബേദ്ക്കറെയും കുറിച്ച് പറയുന്ന ട്രെയ്ലറില്‍ രാജ്യം ഭരിയ്ക്കേണ്ടത് ഭരണഘടന അനുസരിച്ചാകണമെന്ന് പറയുന്നുണ്ട്.

മുല്‍ക്ക്’ എന്ന ഇസ്ലാമോഫോബിയയ്ക്കെതിരായ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ അനുഭവ് സിന്‍ഹയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്റ്റേറ്റ് ഒരു പൗരനോടും ജാതി-മത-ലിംഗ-ജന്മദേശങ്ങള്‍ കാരണമാക്കി വിവേചനം കാണിക്കുവാന്‍ പാടില്ല എന്ന ഭരണഘടനയുടെ അനുച്ഛേദം 15 തന്നെയാണ് സംവിധായകന്‍ സിനിമയുടെ പേരായി തെരഞ്ഞെടുത്തിരിക്കുന്നത്.

ശുഭ് മംഗള്‍ സാവ്ധാന്‍, അന്ധാദുന്‍, ബദായിഹോ എന്നിവയുടെ ഹാട്രിക് വിജയങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന ആയുഷ്മാന്‍ ചിത്രമാണ് ആര്‍ട്ടിക്കിള്‍ 15. ഇഷ തല്‍വാര്‍, മനോജ് പഹ്വാ, സയാനി ഗുപ്ത, കുമുദ് മിശ്ര, മോഹ്ദ് സീശന്‍ അയ്യുബ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top