കൊച്ചി: കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ അയ്യപ്പ ഭക്തരുടെ പ്രതിഷേധം നടക്കുന്നു. ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ തൃപ്തി ദേശായിക്കും കൂട്ടര്‍ക്കും എതിരെയാണ് പ്രതിഷേധം അരങ്ങേറുന്നത്.
എറണാകുളം റവന്യു ടവറിലെ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിന് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. എല്ലാവരും ശരണം വിളിച്ചാണ് പ്രതിഷേധിക്കുന്നത്. വിവരമറിഞ്ഞ് അതിരാവിലെ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് ഇവിടെ എത്തിയത്. എന്നാല്‍ ഇവര്‍ വിളിച്ചറിയിച്ചത് അനുസരിച്ച് ഇപ്പോള്‍ കൂടുതല്‍ പേര്‍ ഇവിടെ പ്രതിഷേധിക്കുന്നുണ്ട്.
അതേസമയം സാഹചര്യം വിലയിരുത്താന്‍ കൊച്ചി സിറ്റി പൊലീസ് ഡിഐജി ഫിലിപ്പിന്റെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. ഐജി വിജയ് സാഖറെ സ്ഥലത്തില്ലാത്തതിനാലാണ് ഫിലിപ്പ് യോഗം വിളിച്ചത്. എസിപിമാരും സിഐമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം പ്രതിഷേധക്കാരുടെ നേതാക്കളുമായി ചര്‍ച്ച നടന്നേക്കും.