ഇവിടുത്തെ മുസ്ലീങ്ങളെ വേദനിപ്പിച്ചു കൊണ്ടല്ല, പാക്കിസ്ഥാനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത്

കൊച്ചി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് അയ്യപ്പ ധര്‍മ്മ സേന നേതാവ് രാഹുല്‍ ഈശ്വര്‍. പൗരത്വ നിയമ ഭേഗഗതി വഴി പാക്കിസ്ഥാനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇവിടുത്തെ മുസ്ലീങ്ങളെ വേദനിപ്പിച്ചു കൊണ്ടാകരുതെന്ന് രാഹുല്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ മുസ്ലിങ്ങളുടെ അശങ്ക അകറ്റുന്നതിന് അയ്യപ്പ ധര്‍മ സേന നിരാഹാര സമരം നടത്തുമെന്നും രാഹുല്‍ വ്യക്തമാക്കി.ഈ മാസം പത്താം തീയതി ചങ്ങരംകുളത്ത് അയ്യപ്പ ധര്‍മ്മ സേന ഏകദിന നിരാഹാര സമരം നടത്തുമെന്നും രാഹുല്‍ വ്യക്തമാക്കി.

ശബരിമലയിലെ തിരുവാഭരണത്തിന് സുരക്ഷ കൂട്ടിയാലും ഇരിക്കുന്ന സ്ഥലത്തു നിന്നും മാറ്റരുതെന്നും ശബരിമല തന്ത്രി കുടുംബാഗം കൂടിയായ രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. ഒരിക്കല്‍ കൈവിട്ടു പോയാല്‍ പിന്നീട് തിരികെ കിട്ടില്ലെന്നും അതിനാല്‍ പന്തളം കൊട്ടാരത്തിലെ ഇരു വിഭാഗവും സമവായത്തില്‍ എത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

അതേസമയം ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുപ്പും പരിശോധനയും സുപ്രീംകോടതി ഉത്തരവ് ലഭിച്ചാല്‍ നടത്തുമെന്ന് ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. പന്തളം രാജകുടുംബത്തിലെ അവകാശ തര്‍ക്കത്തെതുടര്‍ന്നാണ് മുന്‍ ഹൈക്കോടതി ജഡ്ജി സി എന്‍ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ തിരുവാഭരണത്തിന്റെ കണക്കെടുപ്പിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്. തിരുവാഭരണത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കോടതി പറഞ്ഞു. ആദ്യം തിരുവാഭരണം എല്ലാം ഉണ്ടോ എന്ന് പരിശോധിക്കണം. എണ്ണവും തരവും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് റിട്ട ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

Top