ആസാദി മുദ്രാവാക്യം വിളിച്ചതിന് കോളേജ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

ലഖ്നൗ: ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. ആസാദി മുദ്രാവാക്യം വിളിച്ചതിനാണ് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ആറ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത്.

യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താത്തതിനെതിരെ ഡിസംബര്‍ 16 ന് സാകേത് ഡിഗ്രി കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകടനത്തിനിടെ ‘ദേശ വിരുദ്ധ’ മുദ്രാവാക്യം മുഴക്കി എന്നാരോപിച്ച് പ്രിന്‍സിപ്പല്‍ എന്‍.ഡി പാണ്ഡെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

‘ആസാദി ലെ കെ രഹെങ്കേ’ പോലുള്ള ‘ദേശവിരുദ്ധ’ മുദ്രാവാക്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ വിളിച്ചെന്നാണ് പ്രിന്‍സിപ്പല്‍ പരാതിയില്‍ പറയുന്നത്. പ്രിന്‍സിപ്പലിന്റെ ആരോപണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തള്ളിക്കളഞ്ഞു. അഴിമതിക്കാരനായ പ്രിന്‍സിപ്പലില്‍ നിന്നും കോളേജിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

” അഴിമതിക്കാരനായ ഒരു പ്രിന്‍സിപ്പലില്‍ നിന്നും കോളേജിലെ വിദ്യാര്‍ത്ഥി വിരുദ്ധ സംവിധാനത്തില്‍ നിന്നും ആസാദി വേണമെന്നുള്ളതുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ആസാദി മുദ്രാവാക്യം വിളിച്ചത്” മുന്‍ സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് അഭാസ് കൃഷ്ണ യാദവ് പറഞ്ഞു. സ്റ്റുഡന്റ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Top