ബി.ജെ.പിക്ക് ‘അവസരമൊരുക്കി’ അസദുദ്ദീൻ ഉവൈസിയും സംഘവും !

കേന്ദ്രത്തില്‍ മൂന്നാം ഊഴം ലക്ഷ്യമിടുന്ന നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും സകല പ്രതീക്ഷയും ഇപ്പോള്‍ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയിലാണ്. ഉവൈസി ഒന്നു പ്രസംഗിച്ചു പോയാല്‍ ആ സംസ്ഥാനത്ത് ബി.ജെ.പിക്ക് വിജയ സാധ്യത വര്‍ദ്ധിക്കുമെന്ന കണക്കു കൂട്ടലാണ് സംഘപരിവാര്‍ നേതൃത്വത്തിനുള്ളത്. ബീഹാറില്‍ പ്രതിപക്ഷ മഹാ സഖ്യത്തിന് ഭരണം നഷ്ടപ്പെടുന്നതില്‍ പ്രധാന പങ്കുവഹിച്ചതും ഉവൈസിയുടെ പാര്‍ട്ടി തന്നെയാണ്.

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് ബി.ജെ.പി ബീഹാറില്‍ പയറ്റിയിരുന്നത്. ഇനി യു.പിയില്‍ ഉള്‍പ്പെടെ അവര്‍ പയറ്റാന്‍ പോകുന്നതും അതേ തന്ത്രം തന്നെയാണ്. ബി.ജെ.പിക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തുന്ന ഉവൈസിയുടെ വാക്കുകളും അദ്ദേഹത്തിന്റെ അനുയായികളുടെ പ്രവര്‍ത്തിയും ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമാണ് ഉണ്ടാക്കുന്നതെന്ന നിലപാട് രാഷ്ട്രീയ നിരീക്ഷകര്‍ മാത്രമല്ല ബി.ജെ.പിയുടെ പഴയ സഖ്യകക്ഷിയായ ശിവസേന പോലും ഇതിനകം തന്നെ പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

രാജ്യത്ത് ബി.ജെ.പിയുടെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും അണിയറയില്‍ നിന്ന് സുഗമമാക്കുന്നയാളാണ് ഉവൈസി എന്നാണ് ശിവസേന ആരോപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഉവൈസി നടത്തിയ പ്രകോപനപരമായ പ്രസംഗം ചൂണ്ടിക്കാണിച്ചായിരുന്നു ശിവസേന മുഖപത്രത്തിന്റെ ഈ വിമര്‍ശനമെങ്കില്‍ ഇപ്പോള്‍ മറ്റു മതേതര പാര്‍ട്ടികളും ഇതേ നിലപാടുമായി തന്നെയാണ് രംഗത്തു വന്നിട്ടുള്ളത്.

80 ലോകസഭ സീറ്റുകളുള്ള യു.പിയാണ് കേന്ദ്രം ആര് ഭരിക്കുക എന്നു വീണ്ടും തീരുമാനിക്കാന്‍ പോകുന്നത്. സംസ്ഥാന ഭരണം ഇത്തവണ കൈവിട്ടാല്‍ അത് മോദിയുടെ മൂന്നാം ‘ഊഴത്തെ’ കൂടിയാണ് ത്രിശങ്കുവിലാക്കുക. ഇക്കാര്യം ശരിക്കും അറിയാവുന്ന ബി ജെ.പി നേതൃത്വം ഏതു വിധേയനേയും യു.പി പിടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി തന്നെ നേരിട്ട് പ്രഖ്യാപിച്ചതും തിരിച്ചടി ഭയന്നാണ്.

ഒരു കേന്ദ്ര മന്ത്രിയുടെ മകന്‍ വാഹനം ഇടിപ്പിച്ച് കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തിനെതിരെയും യു.പിയില്‍ പ്രതിഷേധം വ്യാപകമാണ്. ഈ സാഹചര്യത്തില്‍ യു.പി ഭരണം കൈവിട്ടു പോകുമെന്ന ഭയമാണ് മോദിയുടെ ഉറക്കം കെടുത്തുന്നത്. ഇത്തവണ യു.പി ഭരണം നഷ്ടമായാല്‍ അതിന്റെ ‘എഫക്ട് ‘ തീര്‍ച്ചയായും ലോകസഭ തിരഞ്ഞെടുപ്പിലും ഉണ്ടാകും മാത്രമല്ല രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ സംബന്ധിച്ച് വലിയ ആത്മവിശ്വാസവും അത്തരം ഒരു അട്ടിമറി വിജയം നല്‍കും. ഇതു ഒഴിവാക്കാന്‍ തീവ്രഹിന്ദുത്വവാദം തന്നെ വീണ്ടും ഉയര്‍ത്താനാണ് സംഘ പരിവാര്‍ സംഘടനകള്‍ ലക്ഷ്യമിടുന്നത്. അതിനാണു ഉവൈസിയായിട്ട് ഇപ്പോള്‍ ബി.ജെ.പിക്ക് അവസരവും നല്‍കിയിരിക്കുന്നത് ഇതിനു പിന്നില്‍ ഉവൈസി ബി.ജെ.പി രഹസ്യ ധാരണയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സംശയിക്കുന്നത്.

ഉവൈസി പ്രകോപനപരമായ പ്രസംഗമാണ് നടത്തുന്നതെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ പാകിസ്ഥാനെ ഉയര്‍ത്തിക്കാണിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്നുമാണ് ശിവസേന മുഖപത്രം ‘സാമ്‌ന’ തുറന്നടിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്നു ഈ സാഹചര്യത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് കാരണക്കാരനായ ഉവൈസി അവിടെ എല്ലാതരത്തിലുമുള്ള വര്‍ഗീയ-മത സംഘര്‍ഷങ്ങള്‍ക്കുമുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുകയാണെന്നാണ് ആരോപണം. പാകിസ്ഥാന്റെ പേര് ഉപയോഗിക്കാതെ ഇവിടെ ബി.ജെ.പി രാഷ്ട്രീയം മുന്നേറില്ലേ എന്നാണ് മുഖപ്രസംഗത്തിലൂടെ ശിവസേന ചോദിച്ചിരിക്കുന്നത്.

എന്തുകൊണ്ടാണ് ഉവൈസി ഉത്തര്‍പ്രദേശിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന് വിളിക്കുന്നതെന്നും ഇതിനു മുന്‍പ് അവിടെ അത്തരമൊരു മുദ്രാവാക്യം വിളി ഉണ്ടായിട്ടില്ലെന്നും സാമ്‌ന ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉവൈസി ദേശീയ നേതാവല്ലന്നും മറിച്ച് ദേശീയ പാര്‍ട്ടിയായ ബി.ജെ.പിയുടെ ‘അടിവസ്ത്ര’മായി തന്നെ തുടരുമെന്നാണ് മുഖപ്രസംഗത്തിലൂടെ ശിവസേന നേതൃത്വം തുറന്നടിച്ചിരിക്കുന്നത്. ബി.ജെ.പി ഇതര പാര്‍ട്ടികളുടെ ആശങ്ക കൂടിയാണ് ഇതിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ഉവൈസിയുടെ സാന്നിധ്യം പ്രതിപക്ഷ പ്രതീക്ഷകള്‍ക്കു ആകെയാണ് ഭീഷണിയായിരിക്കുന്നത്. അതു കൊണ്ടു തന്നെ ഉവൈസി ബി.ജെ.പിയുടെ ‘ബി’ ടീമാണെന്ന തരത്തില്‍ പ്രചരണം നടത്താനാണ് പ്രതിപക്ഷം ഇപ്പോള്‍ ആലോചിക്കുന്നത്. മുസ്ലീം വോട്ട് ബാങ്കില്‍ വിള്ളല്‍ ഉണ്ടാക്കുന്നതിനേക്കാള്‍ ഹൈന്ദവ വിഭാഗത്തെ പ്രകോപിപ്പിക്കാന്‍ ഉവൈസിയുടെ നാവിനു കഴിയുമെന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളെ ആശങ്കപ്പെടുത്തുന്നത്. ഇതു തന്നെയാണ് ബി.ജെ.പിയും നിലവില്‍ ആഗ്രഹിക്കുന്നത്.

ഭൂരിപക്ഷ വോട്ട് ബാങ്കിലെ ഏകീകരണത്തോടൊപ്പം തന്നെ പ്രതിപക്ഷ വോട്ട് ബാങ്കിലെ വിള്ളലും ബി.ജെ.പിയുടെ പ്രധാന ലക്ഷ്യമാണ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സ് വോട്ട് ബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. യു.പിയില്‍ പ്രതിപക്ഷ മഹാസഖ്യം സാധ്യമാകാതിരിക്കുന്നതും ബി.ജെ.പിയെ സംബന്ധിച്ച് ആത്മവിശ്വാസം പകരുന്ന മറ്റൊരു ഘടകമാണ്. മഹാരാഷ്ട്രയില്‍ സീറ്റു വിഭജന ചര്‍ച്ചയില്‍ തട്ടി പ്രതിപക്ഷ സഖ്യം തകരുമെന്നാണ് ബി.ജെ.പി കണക്കു കൂട്ടല്‍.

സംഘപരിവാര്‍ രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി ചെറുക്കാന്‍ പ്രതിപക്ഷം തയ്യാറായില്ലെങ്കില്‍ വീണ്ടും ബി.ജെ.പിക്കു തന്നെയാണ് കേന്ദ്രത്തില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതിനേക്കാള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാനാണ് മമതയും കെജരിവാളും ശരദ് പവാറും എല്ലാം മത്സരിക്കുന്നത്. വിലപേശലിനായി പരമാവധി എം.പിമാരെ സൃഷ്ടിക്കുക എന്നതാണ് ഈ നേതാക്കളുടെ അജണ്ട. സഖ്യത്തിനു നിന്നാല്‍ സീറ്റുകള്‍ വിട്ടു നല്‍കേണ്ടി വരും എന്നതിനാലാണ് എസ്.പി നേതാവ് അഖിലേഷ് യാഥവും സഖ്യത്തിന് ശ്രമിക്കാതിരിക്കുന്നത്. യു.പി ഭരണം പിടിച്ച ശേഷം കേന്ദ്രത്തില്‍ വിലപേശല്‍ നടത്താനാണ് അഖിലേഷ് ശ്രമിക്കുന്നത്ത്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് അതിന് ഒറ്റക്കു സാധ്യമാകുമോ എന്നത് കണ്ടു തന്നെ അറിയേണ്ട കാര്യമാണ്.

അതേസമയം, രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സ് ഇപ്പോള്‍ ദിവസവും തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി ഹരിയാന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വറും മുന്‍ എംപി കീര്‍ത്തി ആസാദും ആ പാര്‍ട്ടി വിട്ടുകഴിഞ്ഞു. ഇരുവരും തൃണമൂലിലാണ് ചേര്‍ന്നിരിക്കുന്നത്. ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യ സ്വാമിയും ഇതേ പാതയില്‍ തന്നെയാണ് നിലവില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. യു.പി, പഞ്ചാബ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ കൂടി വലിയ തിരിച്ചടി കോണ്‍ഗ്രസ്സിനു നേരിട്ടാല്‍ നേതാക്കള്‍ മാത്രമല്ല നല്ലൊരു വിഭാഗം അണികള്‍ കൂടി ഗുഡ് ബൈ പറയാന്‍ തന്നെയാണ് സാധ്യത …

EXPRESS KERALA VIEW

Top