ന്യൂഡല്‍ഹി: തങ്ങളെ വിദേശ മുസ്ലിംകളുമായി ബന്ധിപ്പിക്കാന്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് എത്ര ശ്രമിച്ചാലും തന്റെ ഇന്ത്യന്‍ എന്ന സ്വത്വത്തെ ബാധിക്കില്ലെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി.
ഹിന്ദുവെന്ന പേരിട്ട് വിളിച്ചാലും തന്റെ ചരിത്രം മായ്ക്കാന്‍ മോഹന്‍ ഭാഗവതിനാകില്ല. തങ്ങളുടെ സംസ്‌കാരം, വിശ്വാസം, വ്യക്തിഗതമായ തിരിച്ചറിവുകള്‍ ഇവയൊന്നും ഹിന്ദുമതത്തില്‍ ഉള്‍ക്കൊള്ളണമെന്ന് പറയാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും ഒവൈസി പറഞ്ഞു.
ഹിന്ദുരാഷ്ട്രമെന്നാല്‍ ഹിന്ദു പരമാധികാരം എന്നാണര്‍ഥം. അത് തങ്ങള്‍ അംഗീകരിക്കില്ല. തങ്ങള്‍ സന്തുഷ്ടരാണെങ്കില്‍ അത് ഭരണഘടന മൂലമാണെന്നും ഒവൈസി വ്യക്തമാക്കി.
ഹിന്ദുക്കള്‍ രാജ്യത്തുള്ളതുകൊണ്ടാണ് മുസ്ലിംകള്‍ സന്തുഷ്ടരായിരിക്കുന്നുവെന്നായിരുന്നു ഭാഗവതിന്റെ പ്രസ്താവന. ഹിന്ദു എന്നത് മതമോ ഭാഷയോ പേരോ അല്ല. ഇന്ത്യയില്‍ ജീവിക്കുന്നവരുടെ സംസ്‌കാരമാണ് ഹിന്ദുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.
സത്യത്തിനായുള്ള അന്വേഷണമാണതെന്നും അദ്ദേഹം വ്യക്തമാക്കി. ജൂതര്‍ അലഞ്ഞുതിരിയുന്ന സമയത്ത് അവര്‍ക്ക് അഭയം നല്‍കിയ ഏക സ്ഥലം ഇന്ത്യയാണ്. ഹിന്ദുക്കള്‍ക്ക് ആരോടും വെറുപ്പില്ല. ഒരുമിച്ച് നിന്ന് രാജ്യത്തിന്റെ വികസനമാണ് തങ്ങള്‍ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.