ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ ഏകദിന ക്രിക്കറ്റ് ടീം നായക സ്ഥാനത്തുനിന്ന് അസര്‍ അലിയെ മാറ്റി പകരം സര്‍ഫ്രസ് അഹമ്മദിനെ പിസിബി നിയമിച്ചിട്ടുണ്ട്.
കളിയെ ബാധിക്കുന്നതിനാല്‍ തന്നെ സ്ഥാനത്തുനിന്നു നീക്കണമെന്ന് അസര്‍ അലി ആവശ്യപ്പെട്ടതിനാലാണ് പുതിയ നായകനെ തീരുമാനിച്ചതെന്ന് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ പറഞ്ഞു. നിലവില്‍ പാക് ട്വന്റി-20 ടീം നായകനും സര്‍ഫ്രസാണ്.
എന്നാല്‍, അസര്‍ അലിയെ നായകസ്ഥാനത്തുനിന്നു നീക്കുമെന്നു മുമ്പുതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അലിയെ മാറ്റാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആലോചിച്ചത്.
സര്‍ഫ്രാസ് അഹമ്മദിനെ നായക സ്ഥാനം ഏല്‍പ്പിക്കുന്നതിനോടായിരുന്നു മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖിനു താത്പര്യം. അതേസമയം, മിസ്ബ ഉള്‍ ഹഖ് വിരമിക്കുന്ന ഒഴിവില്‍ ടെസ്റ്റ് ടീം നായകസ്ഥാനത്ത് അസര്‍ അലിയെ അവരോധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിരമിക്കലിനെ സംബന്ധിച്ച് മിസ്ബ ഉള്‍ ഹഖിനോടും വെറ്ററന്‍ യൂനിസ് ഖാനോടും പിസിബി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരന്പരയോടെ ഇരുവരുടെയും വിരമിക്കല്‍ ഉണ്ടായേക്കുമെന്നാണ് സൂചന.