അഴീക്കല്‍ അപകടം; മത്സ്യത്തൊഴിലാളികളുടെ ആരോപണം അന്വേഷിക്കുമെന്ന് ഫിഷറീസ് മന്ത്രി

Saji Cherian

കൊല്ലം: അഴീക്കല്‍ ബോട്ട് അപകടത്തില്‍ അഴീക്കല്‍ കോസ്റ്റല്‍ പൊലീസിനെതിരെ ആരോപണവുമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍. രക്ഷാപ്രവര്‍ത്തനത്തില്‍ പൊലീസ് സഹായിച്ചില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. വയര്‍ലെസില്‍ ബന്ധപ്പെട്ടിട്ടും സഹായിച്ചില്ലെന്നും ബോട്ടിന്റെ കെട്ട് പോലും പൊലീസ് അഴിച്ചില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. പരാതി ഗൗരവമുള്ളതെന്നും പരിശോധിക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

ആറാട്ടുപുഴയില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ ഓംകാരം എന്ന വള്ളവും ഒപ്പമുണ്ടായിരുന്ന ക്യാരിയര്‍ വള്ളവുമാണ് മറിഞ്ഞത്. അപകടത്തില്‍ ആറാട്ടുപുഴ വലിയഴീക്കല്‍ സ്വദേശികളായ തങ്കപ്പന്‍, സുദേവന്‍, സുനില്‍ ദത്ത്, ശ്രീകുമാര്‍ എന്നിവര്‍ മരിച്ചു. രക്ഷപ്പെട്ട 12 പേരില്‍ രണ്ടു പേരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

പെട്ടെന്നുണ്ടായ തിരമാലയാണ് അപകടകാരണമായതെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി 10000 രൂപയും പരിക്കേറ്റവര്‍ക്ക് 5000 രൂപയും അടിയന്തര സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അപകടകാരണം ചുഴലിക്കാറ്റാവാനുള്ള സാധ്യതയും കരുനാഗപ്പള്ളിയിലെത്തിയ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പങ്കുവച്ചു. ഇതേ കുറിച്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

 

Top