ഡല്‍ഹി: ഗോവിന്ദചാമിക്കെതിരായ സൗമ്യ കൊലക്കേസിന്റെ അന്വേഷണം മുന്‍വിധിയോടെയുള്ളതായിരുന്നെന്ന് ഗോവിന്ദചാമിയുടെ അഭിഭാഷകന്‍ ബി.എ. ആളൂര്‍.
ഗോവിന്ദചാമി സൗമ്യയെ കൊലപ്പെടുത്തിയെന്നതിന് പ്രോസിക്യൂഷന് തെളിവില്ലായിരുന്നു. കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കുന്ന നിലപാടായിരുന്നു പൊലീസിന്റെയും പ്രോസിക്യൂഷന്റെയും.
ഇതുവച്ചുള്ള വാദങ്ങള്‍ സുപ്രീം കോടതിയില്‍ വിലപ്പോകില്ലെന്നതിനു തെളിവാണ് വിധിയെന്നും ആളൂര്‍ പറഞ്ഞു.
കേസ് അന്വേഷിച്ച പോലീസും പ്രോസിക്യൂഷനുമാണ് കുറ്റക്കാര്‍. ശരിയായ തെളിവുകള്‍ ഹാജരാക്കുകയും കൃത്രിമ രേഖകള്‍ ഹാജരാക്കുന്നത് ഒഴിവാക്കുകയും ചെയ്തിരുന്നുവെങ്കില്‍ പ്രോസിക്യൂഷന്‍ വാദം സുപ്രീം കോടതി വിശ്വസിക്കുമായിരുന്നു അഡ്വ. ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ ആയിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ പ്രതികരണം.
മാധ്യമ വിചാരണയും വൈകാരിക സമീപനവും വിചാരണ കോടതിയെയും ഹൈക്കോടതിയെയും സ്വാധീനിച്ചുവെന്ന് അഡ്വ. ആളൂര്‍ ആരോപിച്ചു.
ഇതേത്തുടര്‍ന്നാണ് ഗോവിന്ദച്ചാമിക്ക് വിചാരണക്കോടതി വധശിക്ഷ നല്‍കുകയും ഹൈക്കോടതി ഉത്തരവ് ശരിവെക്കുകയും ചെയ്തത്.
വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ നല്‍കിയിരുന്നുവെങ്കില്‍ വിധി സുപ്രീം കോടതിയില്‍ ചോദ്യംചെയ്യാന്‍ കഴിയുമായിരുന്നില്ല.
തെളിവുകള്‍ പ്രതിക്ക് അനുകൂലമായിരുന്നു. നരഹത്യ അടക്കമുള്ളവ തെളിയിക്കാന്‍ കഴിഞ്ഞില്ല. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ നേരത്തെ തെളിഞ്ഞിരുന്നു. തെളിയിക്കപ്പെട്ട എല്ലാ കുറ്റങ്ങള്‍ക്കും ഒരുമിച്ച് ഏഴുവര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതിയാവും.
ഗോവിന്ദച്ചാമിയെ തമിഴ്‌നാട്ടിലെയൊ കര്‍ണാടകത്തിലെയൊ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കുമെന്ന് അഡ്വ. ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.