ഡല്‍ഹി: ഉത്തര്‍പ്രദേശില്‍നിന്നുള്ള ബി.എസ്.പി. എം.പി. റിതേഷ് പാണ്ഡേ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. അംബേദ്കര്‍ നഗറില്‍നിന്നുള്ള എം.പിയാണ് റിതേഷ് പാണ്ഡേ. പാര്‍ലമെന്റ് ക്യാന്റീനില്‍ പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണത്തില്‍ പങ്കെടുത്ത എം.പിമാരില്‍ ഒരാളായിരുന്നു അദ്ദേഹം. റിതേഷ് പാണ്ഡേയുടെ പിതാവ് രാകേഷ് പാണ്ഡേ ഉത്തര്‍പ്രദേശ് നിയമസഭയില്‍ സമാജ്വാദി പാര്‍ട്ടി എം.എല്‍.എയാണ്. ഞായറാഴ്ച രാവിലെയോടെയാണ് റിതേഷ് രാജിവിവരം സാമൂഹിക മാധ്യമങ്ങള്‍വഴി അറിയിച്ചത്. തുടര്‍ന്ന് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ നേതൃത്വത്തില്‍ റിതേഷ് പാണ്ഡയെ പാര്‍ട്ടിലേക്ക് സ്വീകരിച്ചു.
തന്നെ പാര്‍ട്ടി യോഗങ്ങള്‍ക്ക് വിളിക്കുന്നില്ലെന്നും നേതൃപരമായ തീരുമാനങ്ങളില്‍ പങ്കെടുപ്പിക്കുന്നില്ലെന്നും പാര്‍ട്ടി അധ്യക്ഷ മായാവതിക്ക് അയച്ച കത്തില്‍ റിതേഷ് പാണ്ഡേ സൂചിപ്പിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളേയും മായാവതിയേയും കാണാന്‍ ശ്രമിച്ചെങ്കിലും അനുവാദം ലഭിച്ചില്ല. പാര്‍ട്ടിക്ക് എന്റെ സേവനം ആവശ്യമില്ലെന്ന് മനസിലാക്കിയതോടെയാണ് മറ്റുവഴികളില്ലാതെ പ്രാഥമികാംഗത്വം രാജിവെക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, ബി.എസ്.പിയില്‍ തുടര്‍ന്നിരുന്നെങ്കിലും സിറ്റിങ് സീറ്റ് ലഭിക്കില്ലെന്ന സൂചനയെത്തുടര്‍ന്നാണ് റിതേഷ് പാണ്ഡേ പാര്‍ട്ടി വിട്ടതെന്നാണ് സൂചന. ബി.ജെ.പി. ദേശീയ സെക്രട്ടറി സുനില്‍ ബന്‍സാലുമായി ഇദ്ദേഹം നേരത്തെ ചര്‍ച്ച നടത്തിയിരുന്നതായും വിവരമുണ്ട്.
എം.പിമാര്‍ തങ്ങളുടെ മണ്ഡലത്തെ ശരിയായി പരിഗണിച്ചോയെന്നും ജനങ്ങള്‍ക്കുവേണ്ടി സമയം മാറ്റിവെച്ചോയെന്നും സ്വയം പരിശോധിക്കണമെന്ന് റിതേഷ് പാണ്ഡേയുടെ രാജിക്കുപിന്നാലെ മായാവതി എക്സില്‍ കുറിച്ചു. സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കായി നിലകൊള്ളുകയും ഗുണകരമല്ലാത്ത ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്ത എം.പിമാര്‍ക്ക് വീണ്ടും സ്ഥാനാര്‍ഥിത്വം കൊടുക്കാന്‍ കഴിയുമോയെന്നും മായാവതി ചോദിക്കുന്നു. അതേസമയം, മറ്റൊരു ബി.എസ്.പി. എം.പി.കൂടി പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചനയുണ്ട്. ജൗന്‍പുര്‍ എം.പി. ശ്യാംസിങ് യാദവ് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഗ്രയില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ ശ്യാംസിങ് യാദവ് പങ്കെടുത്തേക്കും.