ന്യൂഡൽഹി: 2018-ല് നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.എസ്.യെദിരൂരപ്പ തന്നെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. പിടിഐക്കു നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.
2008-ൽ ബിജെപിയെ കർണാടകത്തിൽ ആദ്യമായി അധികാരത്തിലെത്തിച്ച യെദിരൂരപ്പ പിന്നീട് അഴിമതി ആരോപണങ്ങളെ തുടർന്നു രാജിവയ്ക്കുകയും പാർട്ടിക്കു പുറത്തുപോകുകയും ചെയ്തു.
തുടര്ന്ന് സ്വന്തം പാർട്ടിയുമായി 2013 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതേതുടർന്ന് 2014 പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി യെദിരൂരപ്പ വീണ്ടും ബിജെപിയിൽ തിരിച്ചെത്തുകയായിരുന്നു.
ഗുജറാത്തിൽ വിജയ് രുപാനി തന്നെ വീണ്ടും ബിജെപിയെ നയിക്കുമെന്ന സൂചനയും ദേശീയ അധ്യക്ഷൻ നൽകി. മാത്രമല്ല, 150-ൽ അധികം സീറ്റു നേടി ബിജെപി അധികാരത്തിലെത്തുമെന്നും ഷാ അവകാശപ്പെട്ടു. 182 സീറ്റുകളാണ് ഗുജറാത്തിലുള്ളത്.
അതേസമയം, ഗുജറാത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയെ സംബന്ധിച്ച് അമിത് ഷാ വ്യക്തമാക്കിയില്ല.