ബി.ടെക് പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്തും; മാറ്റിവെയ്ക്കില്ലെന്ന് സാങ്കേതിക സര്‍വകലാശാല

തിരുവനന്തപുരം: ബി ടെക് പരീക്ഷ മാറ്റി വെയ്ക്കില്ലെന്ന് സാങ്കേതിക സര്‍വകലാശാല. പരീക്ഷകള്‍ ഓഫ്ലൈനായി നടത്തുമെന്നും, പരീക്ഷകള്‍ മാറ്റി വെക്കേണ്ട സാഹചര്യം ഇല്ലെന്നും സാങ്കേതിക സര്‍വകലാശാല വിലയിരുത്തി. പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്നായിരുന്നു എ.ഐ.സി.ടി.ഇ.യുടെ ആവശ്യമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

ബി ടെക് പരീക്ഷ മറ്റന്നാള്‍ തുടങ്ങാനിരിക്കെയാണ് എ.ഐ.സി.ടി.ഇ. നിര്‍ദേശം പുറപ്പെടുവിച്ചത്. പരീക്ഷ ഓഫ്ലൈനായി നടത്തുന്നത് നിലവിലെ സാഹചര്യത്തില്‍ സുരക്ഷിതമല്ലെന്നാണ് എ.ഐ.സി.ടി.ഇ. നിര്‍ദേശിച്ചത്. അന്യ സംസ്ഥാനത്തുള്ള കുട്ടികള്‍ക്ക് പരീക്ഷകള്‍ക്കായി മാത്രം സംസ്ഥാനത്ത് എത്താനാവില്ലെന്നും എ.ഐ.സി.ടി.ഇ. ചൂണ്ടിക്കാണിച്ചു. അതിനാല്‍ ഓണ്‍ലൈനായി പരീക്ഷ നടത്താനാണ് എ.ഐ.സി.ടി.ഇ. നിര്‍ദേശിക്കുന്നത്.

കൊടിക്കുന്നില്‍ സുരേഷ് എം.പി. നല്‍കിയ പരാതിയെ തുടര്‍ന്നാണ് പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ എ.ഐ.സി.ടി.ഇ. സര്‍വകലാശാലയോട് ആവശ്യപ്പെട്ടത്.

Top