ന്യൂഡല്‍ഹി: മനുഷ്യശരീരം 400 വര്‍ഷം വരെ ജീവിച്ചിരിക്കാന്‍ കഴിവുള്ള തരത്തിലാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നതെന്ന് യോഗാ ഗുരു ബാബാ രാംദേവ്.
ക്രമംതെറ്റിയ ജീവിതശൈലികള്‍ മൂലം രോഗങ്ങളെ ക്ഷണിച്ചുവരുത്തി നാം അകാലമരണം ഇരന്നുവാങ്ങുകയാണെന്നും രാംദേവ് പറഞ്ഞു.
ആരോഗ്യ സംരക്ഷണത്തിനും രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിനും ഗുണമേന്മയുള്ള ഭക്ഷണം കഴിക്കുകയും യോഗ ശീലമാക്കുകയും ചെയ്യുകയാണ് ഏക വഴിയെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.
പന്ത്രണ്ടാമത് ദേശീയ ക്വാളിറ്റി കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു രാംദേവ്.
മനുഷ്യശരീരം രൂപകല്‍പന ചെയ്തിരിക്കുന്നത് 400 വര്‍ഷം ജീവിച്ചിരിക്കാന്‍ കഴിയുന്ന തരത്തിലാണെന്നും, എന്നാല്‍ മനുഷ്യന്‍ തെറ്റായ ജീവിതശൈലികളിലൂടെ സ്വന്തം ശരീരത്തെ പീഡിപ്പിക്കുന്നുവെന്നും, അമിത ഭക്ഷണവും മറ്റും കൊണ്ട് ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദ്‌രോഗവും മറ്റു രോഗങ്ങളുമൊക്കെ മനുഷ്യന്‍ ക്ഷണിച്ചുവരുത്തുകയാണെന്നും, ഇത് പകുതിയിലേറെ ആയുസ് ഇല്ലാതാക്കുന്നുവെന്നും, പിന്നീടങ്ങോട്ടുള്ള ആയുസ് താങ്ങിനിര്‍ത്തുന്നത് തന്നെ ഡോക്ടര്‍മാരുടെ മിടുക്കും മരുന്നും കൊണ്ടായിരിക്കുമെന്നും ബാബാ രാംദേവ് ചൂണ്ടിക്കാട്ടി.
സ്വന്തം ജീവിതശൈലിയില്‍ മാറ്റം വരുത്താനും ആഗ്രഹങ്ങളെ നിയന്ത്രിക്കാനും എങ്ങനെ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെന്നും രാംദേവ് ചൂണ്ടിക്കാട്ടുന്നു.
ഭക്ഷണം ക്രമീകരിച്ചും യോഗ അഭ്യസിച്ചും മാത്രം അമിത് ഷാ 38 കിലോഗ്രാം ശരീരഭാരം കുറച്ചെന്നും രാംദേവ് വെളിപ്പെടുത്തി.
ഇതിനൊപ്പം പതഞ്ജലി ഉത്പന്നങ്ങളുടെ ഗുണഗണങ്ങള്‍ വിവരിക്കാനും രാംദേവ് മറന്നില്ല.