ഒരു സൈനികന്റെ തലയറുത്താല്‍ 100 പാക് സൈനികരുടെ തലയറുക്കണമെന്ന് ബാബാ രാംദേവ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്കു നേരെ പാക് സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ക്കു മുന്നില്‍ മടിച്ചു നില്‍ക്കരുതെന്ന് യോഗാ ഗുരു ബാബാ രാംദേവ്.

നമ്മുടെ ഒരു സൈനികന്റെ തലയറുത്താല്‍ അവരുടെ 100 സൈനികരുടെ തലയറുക്കണമെന്നും ഇക്കാര്യത്തില്‍ ഇസ്രയേലിനെ മാതൃകയാക്കണമെന്നും ബാബാ രാംദേവ് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ കടമയില്‍ നിന്ന് പിന്നോട്ട് പോകില്ല. മോദിയുടെ രക്തത്തില്‍ തന്നെ ദേശസ്‌നേഹമുണ്ട്. ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യാക്കാര്‍ ബഹിഷ്‌ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രിട്ടീഷ് ഭരണകാലത്ത് വിദേശ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ മഹാത്മാ ഗാന്ധിയും ചന്ദ്രശേഖര്‍ ആസാദും ആവശ്യപ്പെട്ടിരുന്ന കാര്യം രാംദേവ് ചൂണ്ടിക്കാട്ടി.

വിദേശ കമ്പനികള്‍ ഇന്ത്യയെ കൊള്ളയടിക്കുകയാണ്. സ്വദേശി ഉത്പന്നങ്ങള്‍ക്ക് അല്‍പം വില കൂടുതലാണെങ്കിലും അവ വാങ്ങാന്‍ തയ്യാറാകണമെന്നും ചൈനീസ് വസ്തുക്കള്‍ ഉപേക്ഷിക്കാനുള്ള മനോബലം കാണിക്കണമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

Top