ഹരിയാന: രണ്ടു കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന വിവാദ പരാമര്‍ശവുമായ് യോഗ ആചാര്യന്‍ ബാബാ രാംദേവ്. രണ്ട് കുട്ടികളില്‍ കൂടുതലുള്ള ദമ്പതികളുടെ വോട്ടവകാശം സര്‍ക്കാര്‍ ഇല്ലാതാക്കണമെന്നും കൂടാതെ അവര്‍ക്കായി നല്‍കുന്ന തൊഴില്‍, ചികിത്സ സൗകര്യങ്ങള്‍ എടുത്തു കളയണമെന്നുമാണ് രാംദേവ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹിന്ദു ആയാലും മുസ്ലിം ആയാലും ഈ നിബന്ധനകള്‍ ഇരുവര്‍ക്കും ബാധകമാണ്. എന്നാല്‍ മാത്രമേ ജനസംഖ്യ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളുവെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് വോട്ടവകാശം നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യം ഇതിനുമുന്‍പും രാംദേവ് ഉന്നയിച്ചിരുന്നു.
അത്തരക്കാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നിഷേധിക്കാനും ആശുപത്രികളില്‍ ചികിത്സ നിഷേധിക്കാനും സര്‍ക്കാര്‍ ജോലി നല്‍കാതിരിക്കണമെന്നും രാംദേവ് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടാതെ തന്നെ പോലെ അവിവാഹിതരായവര്‍ക്ക് പ്രത്യേക അംഗീകാരം നല്‍കണമെന്ന ആവശ്യം ഉന്നയിച്ചും രാംദേവ് രംഗത്തെത്തിയിരുന്നു.