ന്യൂഡല്‍ഹി: വിവാഹം കഴിച്ച് രണ്ടിലേറെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നവരുടെ വോട്ടവകാശം എടുത്തു കളയണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. തന്നെപ്പോലെ അവിവാഹിത ജീവിതം നയിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണമെന്നും രാംദേവ് ആവശ്യപ്പെട്ടു. പതഞ്ജലി യോഗപീഠത്തില്‍ നടന്ന ഒരു ചടങ്ങിലാണ് രാംദേവിന്റെ വിവാദ പ്രസ്താവന.
കുടുംബ ജീവിതം നയിക്കുകയെന്നത് പ്രയാസമേറിയ കാര്യമാണ്. കുടുംബ ഭാരം ചുമക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും, 2050ഓടെ ഇന്ത്യയെ പതഞ്ജലി പോലുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാക്കി മാറ്റാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവാഹം കഴിച്ചവരും കഴിക്കാത്തവരുമുണ്ട്. എന്നാല്‍ വിവാഹ ശേഷം കുട്ടികളുണ്ടാകുമ്പോള്‍ പിന്നീട് കുടുംബത്തിന് വേണ്ടി മാത്രമായി ജീവിതം മാറ്റിവെക്കപ്പെടുന്നു. അപ്പേള്‍ മറ്റുളള കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുവാന്‍ കഴിയാതെ വരും. അതുകൊണ്ട് തന്നെ കുടുംബ ജീവിതം നയിക്കാത്തതിനാല്‍ തനിക്ക് മറ്റെല്ലാ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നതായും അദ്ദേഹം അവകാശപ്പെട്ടു
തനിക്ക് ഇപ്പോള്‍ കുട്ടികളുണ്ടായിരുന്നെങ്കില്‍ പതഞ്ജലിക്ക് വേണ്ടി അവര്‍ അവകാശമുന്നയിക്കുമായിരുന്നു. തന്നെ രക്ഷിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു. എന്‍.ഡി. തിവാരിയുടെ കാര്യത്തില്‍ സംഭവിച്ച പോലെ താന്‍ തെറ്റുകള്‍ ഒന്നും ചെയ്തിട്ടില്ലന്നും രാംദേവ് വ്യക്തമാക്കി.