മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം പതിപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. പതിവുപോലെ ഇത്തവണയും പാകിസ്താന്‍ താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കില്ല. ആദ്യ സീസണിന് പിന്നാലെ ഐപിഎല്ലില്‍ നിന്നും പാകിസ്താന്‍ താരങ്ങളെ ഒഴിവാക്കുകയായിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങളാണ് കാരണം. എന്നാല്‍ പാകിസ്താന്‍ താരങ്ങളെ ഐപിഎല്ലില്‍ കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്.
ഒരു കാലത്ത് ക്രിക്കറ്റ് ആരാധകര്‍ക്ക് ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ഏറെ ആവേശമായിരുന്നു. എല്ലാ വര്‍ഷങ്ങളിലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന് ശേഷം ഇത്തരം പരമ്പരകള്‍ നടക്കാറില്ല. ഇരുടീമുകളും തമ്മില്‍ ഒടുവില്‍ ഏകദിന പരമ്പര നടന്നത് 2012ലാണ്. 2006ന് ശേഷം ഇന്ത്യ പാകിസ്താനില്‍ ക്രിക്കറ്റ് കളിച്ചിട്ടുമില്ല.ബാബറും കോഹ്ലിയും ബെംഗളൂരു ജഴ്‌സിയില്‍ ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെ പ്രചരിക്കുന്നുമുണ്ട്. എന്നാല്‍ ഈ ആഗ്രഹത്തിന് ഇന്ത്യന്‍ മുന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് മറുപടി നല്‍കി. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇത്തരമൊരു ആഗ്രഹമില്ല. അതിനാല്‍ പാക് ആരാധകര്‍ സ്വപ്നത്തില്‍ നിന്ന് ഉണരണമെന്നും ഹര്‍ഭജന്‍ സിംഗ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസം വിരാട് കോഹ്ലിക്കൊപ്പം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ കളിക്കണമെന്നാണ് പാക് ആരാധകരുടെ ആഗ്രഹം. ഒപ്പം ഷഹീന്‍ ഷാ അഫ്രീദി ബുംറയ്‌ക്കൊപ്പം മുംബൈ ഇന്ത്യന്‍സില്‍ കളിക്കണം. മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ മുഹമ്മദ് റിസ്വാന്‍ കളിക്കണമെന്നും പാകിസ്താന്‍ ആരാധകര്‍ ആഗ്രഹിക്കുന്നു.