ടി-20യിലെ ഒന്നാം റാങ്കിൽ ഏറ്റവുമധികം ദിവസങ്ങൾ തുടർന്ന് ബാബർ അസം

സിസി ടി-20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് ഏറ്റവും കൂടുതൽ ദിവസം തുടരുന്ന താരമെന്ന റെക്കോർഡ് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിന് സ്വന്തം. മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയെ മറികടന്നാണ് അസം പുതിയ റെക്കോർഡ് സ്ഥാപിച്ചത്. 1013 ദിവസം ഒന്നാം സ്ഥാനത്ത് തുടർന്ന കോലിയുടെ റെക്കോർഡാണ് അസം മറികടന്നത്. ബാബർ അസമിന് 818 റേറ്റിംഗുണ്ട്. രണ്ടാം സ്ഥാനത്തുള്ള പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാന് 794 റേറ്റിംഗുണ്ട്.

ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രം മൂന്നാമതും ഇംഗ്ലണ്ടിൻ്റെ ഡേവിഡ് മലാൻ നാലാമതുമാണ്. ദക്ഷിണാഫ്രിക്കക്കതിരായ മികച്ച പ്രകടനത്തോടെ അഞ്ചാം സ്ഥാനത്തായിരുന്ന കിഷൻ രണ്ട് സ്ഥാനം പിന്നിലേക്കിറങ്ങി ഏഴാമതെത്തി. കിഷന് 682 റേറ്റിംഗുണ്ട്. ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരമാണ് കിഷൻ. അയർലൻഡിനെതിരായ രണ്ടാം ടി-20യിൽ തകർപ്പൻ പ്രകടനം നടത്തിയ ദീപക് ഹൂഡയും സഞ്ജു സാംസണും യഥാക്രമം 104, 114 സ്ഥാനങ്ങളിലെത്തി. ലോകേഷ് രാഹുൽ (17), രോഹിത് ശർമ (19), ശ്രേയാസ് അയ്യർ (20), വിരാട് കോലി (21) എന്നിവരാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ റാങ്കുകൾ.

രണ്ടാം ടി-20 മത്സരത്തിൽ അയർലൻഡിനെ നാല് റൺസിന് തകർത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യ ഉയർത്തിയ 226 റൺസ് വിജയലക്ഷ്യത്തിലേക്കെത്താൻ അയർലൻഡ് തകർത്തടിച്ചെങ്കിലും അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 104 റൺസെടുത്ത ദീപക് ഹൂഡ ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ഓപ്പണർ റോളിലെത്തിയ മലയാളി താരം സഞ്ജു സാംസൺ 77 റൺസെടുത്ത് പുറത്തായി. ഇരുവരുടെയും ആദ്യ രാജ്യാന്തര സെഞ്ചുറിയും അർധസെഞ്ചുറിയുമാണിത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 176 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. രാജ്യാന്തര ടി-20യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്.

Top