ഷാര്‍ജ: ട്വന്റി 20-യില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ മറ്റൊരു റെക്കോഡ് കൂടി തകര്‍ത്ത് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം.
ട്വന്റി 20-യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്ന കോലിയുടെ റെക്കോഡാണ് ബാബര്‍ മറികടന്നത്. ഞായറാഴ്ച സ്‌കോട്ട്ലന്‍ഡിനെതിരേ 50 തികച്ചതോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 2021-ല്‍ ബാബറിന്റെ 19-ാം അര്‍ധ സെഞ്ചുറിയായിരുന്നു ഇത്. 2016-ല്‍ 18 തവണ 50 കടന്ന കോലിയുടെ റെക്കോഡ് ഇതോടെ പഴങ്കഥയായി. 2012-ല്‍ 16 അര്‍ധ സെഞ്ചുറികള്‍ നേടിയ ക്രിസ് ഗെയ്ലാണ് മൂന്നാമത്. ഈ വര്‍ഷം 15 അര്‍ധ സെഞ്ചുറികളുമായി പാക് താരം മുഹമ്മദ് റിസ്വാന്‍, ബാബറിന്റെ പുറകെ തന്നെയുണ്ട്.
ഇതോടൊപ്പം ഒരു ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്ന (4) മുന്‍ ഓസീസ് താരവും പാകിസ്താന്റെ ബാറ്റിങ് പരിശീലകനുമായ മാത്യു ഹെയ്ഡന്‍, വിരാട് കോലി എന്നിവരുടെ നേട്ടത്തിനൊപ്പമെത്താനും ബാബറിനായി. ഇത്തവണ നാലു അര്‍ധ സെഞ്ചുറികള്‍ നേടിയാണ് ബാബര്‍ ഇവര്‍ക്കൊപ്പമെത്തിയത്.
സ്‌കോട്ട്ലന്‍ഡിനെതിരേ നേടിയത് ബാബറിന്റെ രാജ്യാന്തര ട്വന്റി 20-യിലെ 25-ാം അര്‍ധ സെഞ്ചുറിയായിരുന്നു. ഇതോടെ കോലി (29 അര്‍ധ സെഞ്ചുറികള്‍), രോഹിത് ശര്‍മ (27) എന്നിവര്‍ക്കു പിന്നില്‍ ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ താരമാകാനും ബാബറിനായി.