ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസ് ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി. പൊതുതാല്‍പര്യ ഹരജികളില്‍ വാദം കേള്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
കേസില്‍ കക്ഷിചേരാനുള്ള സുബ്രഹ്മണ്യസ്വാമിയുടെ അപേക്ഷ കോടതി തള്ളി. സ്വാമിയുടെ അപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ ഒരു ഘട്ടത്തിലും സാമി കക്ഷിയായിരുന്നില്ല. അപേക്ഷയെ യുപി സര്‍ക്കാറും കോടതിയില്‍ എതിര്‍ത്തു.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിവര്‍ത്തനം നടത്തുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. നാല് മാസം കൂടി നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ സുപ്രീംകോടതി ഇത് അംഗീകരിച്ചില്ല. നിങ്ങള്‍ എഴ് വര്‍ഷമായി ഇതുതന്നെയല്ലെ ചെയ്യുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. രേഖകളുടെ വിവര്‍ത്തനം നടത്തുന്നതിന് 12 ആഴ്ചത്തെ സമയം സുപ്രീംകോടതി അനുവദിച്ചു.
അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്ന് കക്ഷികള്‍ക്കായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈകോടതി വിധിക്കെതിരായ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. സുന്നി വഖഫ് ബോര്‍ഡ്, രാം ലല്ലാ വിരാജ്മാന്‍, നിര്‍മോഹി അഖാര എന്നിവരാണ് കേസിലെ കക്ഷികള്‍.