ബാബ്‌റി മസ്ജിദ് കേസ്, നാള്‍ വഴി

1992 ഡിസംബര്‍ 6, അന്നാണ് ജനാധിപത്യ, മതേതര ഇന്ത്യക്ക് തീരാകളങ്കം സൃഷ്ടിച്ച് കൊണ്ട് ബാബറി പള്ളി തകര്‍ക്കപ്പെട്ടത്. ഒരു ലക്ഷത്തോളം വരുന്ന കര്‍സേവകര്‍ ആറ് മണിക്കൂര്‍ സമയമെടുത്താണ് ബാബ്‌റി മസ്ജിദ് തകര്‍ത്തത്. തുടര്‍ന്ന് രാജ്യം കുരുതിക്കളമായി മാറി. രാജ്യമൊട്ടാകെയുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ടായിരത്തിലധികം ജീവനുകള്‍ പൊലിഞ്ഞുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ഏറ്റവും വലിയ പരാജയത്തിന്റെ ജീവിക്കുന്ന സ്മാരകമാണ് ബാബ്‌റി മസ്ജിദ് കേസ്. ബാബ്‌റി പള്ളിയുടെ മിനാരങ്ങള്‍ നിലം പൊത്തിയപ്പോള്‍ അതിനൊപ്പം മണ്ണിലമര്‍ന്നത് ഇന്ത്യയുടെ മഹത്തായ മതേതതര പാരമ്പര്യം കൂടിയാണ്. ഇത് ശരിവച്ചവരില്‍ പരമോന്നത നീതിപീഠം വരെയുണ്ട്. പക്ഷെ, ആ മഹാപാതകത്തിന്റെ ഉത്തരവാദികളുടെ വിധി പറയാന്‍ 28 വര്‍ഷം നീണ്ടുനിന്ന നിയമ പോരാട്ടം വേണ്ടി വന്നു.

1990 സെപ്തംബര്‍ 25ന് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ നിന്ന് എല്‍ കെ അദ്വാനി ആരംഭിച്ച രഥയാത്രയാണ് ഒടുക്കം മസ്ജിദിന്റെ തകര്‍ക്കലിലേക്ക് നയിച്ചത്. കര്‍സേവകര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ നിന്നും അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ് പൊലീസിനെ വിലക്കിയെന്നാണ് ആരോപണം.

1993 ഒക്ടോബര്‍ അഞ്ചിനാണ് കേസില്‍ സിബിഐ ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ചത്. 49 പേരാണ് പ്രതിപട്ടികയിലുണ്ടായിരുന്നത്. അതില്‍ 17 പേര്‍ മരിച്ചു. 600 രേഖകള്‍ തെളിവായി സമര്‍പ്പിച്ച കേസില്‍ 351 സാക്ഷികളെ വിസ്തരിച്ചു.

നിലവില്‍ 32 പ്രതികളാണ് കേസില്‍ ഉള്ളത്. അന്നത്തെ പ്രധാന ബിജെപി നേതാക്കളായിരുന്ന മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനി, മുന്‍ കേന്ദ്ര മന്ത്രിമാരായ മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ്, വിനയ് കട്ടിയാര്‍, സാക്ഷി മഹാരാജ് എന്നിവരടക്കം 32 പേരാണ് പ്രതികള്‍.

എല്ലാ കേസുകളും ലക്‌നൗ സി.ബി.ഐ കോടതിയിലേക്ക് മാറ്റി സര്‍ക്കാര്‍ യു.പി വിജ്ഞാപനമിറക്കിയതിന് പിന്നാലെ 1993 ഒക്ടോബറില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. എല്‍.കെ.അഡ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയ നേതാക്കളെ പ്രതികളാക്കി അനുബന്ധകുറ്റപത്രം സമര്‍പ്പിക്കുന്നത് 1996ല്‍. പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ച് കോടതി, ഗൂഢാലോചനാക്കുറ്റവും ചുമത്തി. എന്നാല്‍ കേസുകളെല്ലാം ലക്‌നൗ കോടതിയിലേക്ക് മാറ്റിയ വിജ്ഞാപത്തിലെ സാങ്കേതികവശം ചൂണ്ടിക്കാട്ടി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു.

2001 ഫെബ്രുവരി 12ന് നേതാക്കള്‍ക്കെതിരായ ഗൂഢാലോചന കേസ് ലക്‌നൗ കോടതിയിലേക്ക് മാറ്റിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് ഹൈക്കോടതി വിധിച്ചു. സാങ്കേതിക പിഴവ് പരിഹരിച്ച് സര്‍ക്കാരിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാമെന്ന് കോടതി പറഞ്ഞെങ്കിലും അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ തയാറായില്ല. തുടര്‍ന്ന് ഗൂഢാലോചനക്കുറ്റം ഒഴിവാക്കി അഡ്വാനിക്കും കൂട്ടര്‍ക്കുമെതിരെ റായ്ബറേലി കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.

ഗൂഢാലോചനക്കുറ്റം ഒഴിവായതോടെ കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി 2003ല്‍ റായ്ബറേലി കോടതി പ്രതികളെ കുറ്റവിമകുക്തരാക്കി. 2010ല്‍ ഹൈക്കോടതിയും ഇത് ശരിവച്ചു. ഒടുവില്‍ 2017 ഏപ്രില്‍ 19ന് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടവിച്ചു. അഡ്വാനിയുള്‍പ്പെടേ മുഴുവന്‍ പ്രതികളും ഗൂഢാലോചനക്കുറ്റത്തിനുള്‍പ്പെടേ ലക്‌നൗ പ്രത്യേക കോടതിയില്‍ വിചാരണ നേരിടണം. ആകാശം ഇടിഞ്ഞ് വീണാലും നീതി നടപ്പിലാക്കപ്പെടണമെന്ന ആപ്തവാക്യം ഉദ്ധരിച്ചായിരുന്നു ജസ്റ്റിസ് ആര്‍.എഫ് നരിമാന്റെ വിധി. തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ വാദത്തിന് ശേഷം വിധി.

Top