ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സംഘപരിവാര്‍ നേതാക്കള്‍ ഉള്‍പ്പെടെ സകലരെയും വിചാരണക്കോടതി വെറുതെ വിട്ടിരിക്കുകയാണ്. രഥയാത്ര നയിച്ച എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, ഉമാ ഭാരതി തുടങ്ങിയവരെല്ലാം കുറ്റവിമുക്തരാക്കപ്പെട്ട പട്ടികയിലുണ്ട്. സി.ബി.ഐയുടെ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിയാണ് സുപ്രധാന വിധി ജഡ്ജി എസ്.കെ യാഥവ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ മുറിവേല്‍പ്പിച്ച സുപ്രധാന കേസ് അന്വേഷിച്ച സി.ബി.ഐക്ക് ഒരു കുറ്റം പോലും കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. മസ്ജിദ് തകര്‍ത്തത് ആസൂത്രിതമല്ലന്നും 2000 പേജുള്ള വിധി ന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സി.ബി.ഐക്ക് വലിയ പ്രഹരമാകുന്ന വിധിയാണിത്. അവരുടെ അന്വേഷണ മികവാണ് ഇതോടെ വീണ്ടും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സി.ബി.ഐയെ ആണോ മുസ്ലീം ലീഗും കോണ്‍ഗ്രസ്സും കേരളത്തില്‍ വിശ്വസിക്കുന്നത് ? ലൈഫ് മിഷനിലും പെരിയ ഇരട്ട കൊലക്കേസിലും സി.ബി.ഐയെ ‘ഹീറോകളായി’ കാണുന്നവര്‍ ബാബറി മസ്ജിദ് കേസില്‍ അവര്‍ ‘സീറോകളാണെന്നത് ‘തിരിച്ചറിയണം. ഒരു ‘സി.ബി.ഐ ഡയറി കുറുപ്പിലെ’ മമ്മൂട്ടിയുടെ കഥാപാത്രത്തെ മനസ്സില്‍ വച്ച് സി.ബി.ഐയെ ഇനിയെങ്കിലും വിലയിരുത്തരുത്. ഇത് പുതിയ കാലത്തെ സി.ബി.ഐയാണ്. അതുകൊണ്ടു തന്നെ പരിമിതികളും കൂടുതലാണ്.
എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട നടപടിക്കെതിരെ സി.ബി.ഐ അപ്പീല്‍ പോകുമെന്ന് കോണ്‍ഗ്രസ്സ് കരുതുന്നുണ്ടോ എന്നതും നേതൃത്വം ഇനി വ്യക്തമാക്കണം. മുസ്ലീം ലീഗിനും ആ പ്രതീക്ഷയുണ്ടെങ്കില്‍ അതും തുറന്ന് പറയണം. അങ്ങനെ ഒരു വിശ്വാസം വച്ചു പുലര്‍ത്തുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇപ്പോഴും വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തില്‍ തന്നെ ആയിരിക്കും. സി.ബി.ഐയില്‍ സത്യസന്ധരായ നിരവധി ഉദ്യോഗസ്ഥരുണ്ട്. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന ഉദ്യോഗസ്ഥരാണ് ആ ഏജന്‍സിയുടെ ശാപം. കോളിളക്കം സൃഷ്ടിച്ച എത്രയോ കേസുകള്‍ ഈ കേരളത്തില്‍ തന്നെ മുന്‍പ് സി.ബി.ഐ അന്വേഷിച്ച് തെളിയിച്ചിട്ടുണ്ട്. പഴയ ആ ‘വീര്യം’ സി.ബി.ഐക്ക് നഷ്ടപ്പെടുത്തിയതില്‍ കോണ്‍ഗ്രസ്സിനും വലിയ പങ്കുണ്ട്.
‘കൂട്ടിലിട്ട തത്തയാണ് സി.ബി.ഐ’ എന്ന് പറഞ്ഞത് സുപ്രീം കോടതിയാണ്. കല്‍ക്കരിപ്പാടം ക്രമക്കേട് സംബന്ധിച്ച് സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചായിരുന്നു ഈ പരാമര്‍ശം കോടതി നടത്തിയിരുന്നത്. ബാഹ്യസമ്മര്‍ദ്ദങ്ങളില്‍ നിന്നും സി.ബി.ഐയെ സ്വതന്ത്രമാക്കണമെന്നും അന്ന് മന്‍മോഹന്‍ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ്സായാലും ബി.ജെ.പി ആയാലും ഇടപെടലുകളുടെ കാര്യത്തില്‍ ‘സ്വഭാവം’ ഒന്നു തന്നെയാണ്. കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ് എന്ന ഒറ്റ കാരണത്താലാണ് ഇവിടെ സി.ബി.ഐ യു.ഡി.എഫിന് പ്രിയപ്പെട്ടതായിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായ നിലപാടാണിത്.
കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സി.ബി.ഐക്ക് ‘റെഡ് സിഗ്‌നലാണ്’ ഭരണകൂടം ഉയര്‍ത്തിയിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം മറച്ചു വച്ചാണ് കേരളത്തില്‍ സി.ബി.ഐയെ യു.ഡി.എഫ് പുല്‍കുന്നത്. എന്നാല്‍ അവരുടെ ഈ നീക്കത്തിന് അപ്രതീക്ഷിത പ്രഹരമാണ് ബാബറി മസ്ജിദ് വിധിയോടെ ഉണ്ടായിരിക്കുന്നത്. അന്വേഷണ ഏജന്‍സി നിര്‍ബന്ധമായും അപ്പീല്‍ പോകണമെന്ന് പറയുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും അന്വേഷണ സംഘത്തെ വിമര്‍ശിക്കാതിരുന്നതും ബോധപൂര്‍വ്വമാണ്. കേരളത്തില്‍ യു.ഡി.എഫിന്റെ കൂടി ഹീറോയായ സി.ബി.ഐയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ലീഗ് നേതാക്കളും ആഗ്രഹിക്കുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം.
നിലപാടിലെ ഇരട്ടതാപ്പാണിത്. ബാബറി മസ്ജിദ് കേസില്‍ സി.ബി.ഐ ഹാജരാക്കിയ ഫോട്ടോ ഗ്രാഫും വീഡിയോയും അടക്കം ഒന്നും തന്നെ കോടതി മുഖവിലക്കെടുത്തിട്ടില്ല. ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ സി.ബി.ഐക്കാകട്ടെ കഴിഞ്ഞിട്ടുമില്ല. സി.ബി.ഐയുടെ എല്ലാ വാദങ്ങളും ഇവിടെ നിരാകരിക്കപ്പെട്ടിരിക്കുകയാണ്. ബാബറി മസ്ജിദ് ചുമ്മാ തകര്‍ന്നതല്ല അത് തകര്‍ക്കപ്പെട്ടത് തന്നെയാണ്. അത് ഏതൊരു കൊച്ചു കുട്ടിക്കും അറിയാവുന്ന കാര്യമാണ്. ചുമ്മാ ഒരു മസ്ജിദും തകരില്ല, തകര്‍ക്കുകയാണെങ്കില്‍ അതിന് കാരണവും ഉണ്ടാകും. അത് തകര്‍ത്തവര്‍ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നത് തെളിവുകളുടെ പിന്‍ബലത്തിലാകണം. അവിടെയാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും വീഴ്ച വരുത്തിയിരിക്കുന്നത്.
അറിഞ്ഞു കൊണ്ട് ചെയ്ത വീഴ്ചയാണോ എന്നത് വിലയിരുത്തേണ്ടത് ഇനി പൊതു സമൂഹമാണ്. ലോകത്തിന് മുന്നില്‍ മതേതര ഇന്ത്യ നാണം കെട്ട സംഭവമാണ് 1992 ഡിസംബര്‍ ആറിന് ഉണ്ടായത്. ബാബറി മസ്ജിദല്ല മതേതര ഇന്ത്യയുടെ മനസ്സാണ് അന്ന് പിളര്‍ക്കപ്പെട്ടത്. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഓര്‍ക്കാന്‍ പോലും പറ്റുന്നതല്ല. 1992 ഡിസംബറിലും 1993 ജനുവരിയിലുമായി നടന്ന കലാപത്തില്‍ 900 മനുഷ്യ ജീവനുകളാണ് നഷ്ടപ്പെട്ടിരുന്നത്. രണ്ടായിരത്തിലേറെ പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്. ഈ സംഭവങ്ങള്‍ക്ക് ഉത്തരവാദികളായ ഒരാള്‍ പോലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. അന്വേഷണ ഏജന്‍സികളുടെ പിഴവാണ് പ്രതികള്‍ക്കെല്ലാം സഹായകരമായിരിക്കുന്നത്.
എത്ര കാലമെടുത്താലും തെളിവുകള്‍ തെളിവുകളായി തന്നെ കോടതിയില്‍ ബോധ്യപ്പെടുത്തണമായിരുന്നു. അതാണ് എല്ലാ അന്വേഷണ ഏജന്‍സികളും ചെയ്യേണ്ടത്. ഇവിടെയാണ് സി.ബി.ഐയും ഇപ്പോള്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നത്. 2019 ല്‍ പുറപ്പെടുവിച്ച വിധിയില്‍ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ പ്രഹരമായാണ് സുപ്രീം കോടതി തന്നെ ബാബറി മസ്ജിദ് സംഭവത്തെ വിലയിരുത്തിയിരുന്നത്. എന്നാല്‍ വിചാരണക്കോടതി വിധി വന്നപ്പോള്‍ സുപ്രീം കോടതിയുടെ ഈ നിരീക്ഷണം പോലും പരിഗണിക്കപ്പെട്ടിട്ടില്ല.
ഇവിടെ സി.ബി.ഐ കോടതി തെളിവുകള്‍ മാത്രമാണ് പരിഗണിച്ചത്. അത് നല്‍കുന്ന കാര്യത്തില്‍ സി.ബി.ഐക്കാണ് വലിയ വീഴ്ചയുണ്ടായിരിക്കുന്നത്. ഇത് ബോധപൂര്‍വ്വമാണെന്ന ആരോപണവും ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. കേരളത്തിലെ യു.ഡി.എഫ് സംവിധാനത്തെ പ്രതിരോധത്തിലാക്കുന്നതും ഈ ആരോപണമാണ്. സ്വന്തം അണികളുടെ ചോദ്യത്തിന് പോലും മറുപടി പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് മുസ്ലീം ലീഗ് നേതൃത്വവും ഇപ്പോഴുള്ളത്. പിണറായി സര്‍ക്കാറിനെ വെട്ടിലാക്കാന്‍ സി.ബി.ഐയെ കൊണ്ടു വന്നവരാണിപ്പോള്‍ സ്വയം വെട്ടിലായിരിക്കുന്നത്.