ബാബറി മസ്ജിദ് കേസ് ഉടന്‍ ഭരണഘടനാ ബെഞ്ചിന് കൈമാറില്ലെന്ന് സുപ്രീകോടതി

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസ് ഉടന്‍ ഭരണഘടനാ ബെഞ്ചിന് കൈമാറില്ലെന്ന് സുപ്രീകോടതി. ഭരണഘടനാ ബെഞ്ചിന് വിടേണ്ട സാഹചര്യം എന്താണെന്ന് കക്ഷികള്‍ ബോധ്യപ്പെടുത്തണമെന്നും കോടതി അറിയിച്ചു. എല്ലാ കക്ഷികളുടെയും വാദം കേള്‍ക്കണമെന്നും ഈ മാസം 27ന് വാദം തുടരാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്നായിരുന്നു സുന്നി വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്.

അലഹബാദ് ഹൈക്കോടതിയിലെ കേസില്‍ കക്ഷികളായിരുന്നവരുടെ വാദം മാത്രമേ പരിഗണിക്കൂ എന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് 2010 സെപ്റ്റംബര്‍ 30നു വിധിച്ചിരുന്നു. മൂന്നംഗ ബെഞ്ചിന്റെതായിരുന്നു വിധി. വിധിക്കെതിരെ നിര്‍മോഹി അഖാഡ, ഹിന്ദു മഹാസഭ, ജമിയത്തുല്‍ ഉലമ ഹിന്ദ്, സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് തുടങ്ങിവയുടേതും ഹാഷിം അന്‍സാരിയെന്ന വ്യക്തിയുടേതുമുള്‍പ്പെടെ 13 ഹര്‍ജികളാണ് സുപ്രീം കോടതിയിലുള്ളത്. ഹാഷിം അന്‍സാരി മരിച്ചതിനാല്‍ മകന്‍ ഇക്ബാല്‍ അന്‍സാരിയാണ് ഇപ്പോള്‍ കക്ഷി.

Top