ന്യൂഡല്‍ഹി: വിഭജനത്തിന്റെ വേദനയെ സ്നേഹം കൊണ്ട് അതിജീവിച്ച ഇന്ത്യയുടെ മതേതരമനസിനേറ്റ മുറിവാണ് ബാബറി മസ്ജിദിന്റെ തകര്‍ച്ച. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികം ശൗര്യദിവസമായി വി.എച്ച്.പിയും ബജ്രംഗ്ദളും ആചരിക്കുമ്പോള്‍ മുസ്ലിം സംഘടനകള്‍ കരിദിനമായി ആചരിക്കുന്നു.
ബാബറി മസ്ജിദിന്റെ തകര്‍ച്ചയും രാമക്ഷേത്ര നിര്‍മ്മാണവും 26 വര്‍ഷമായി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുകയാണ്.
മഹാത്മാഗാന്ധിയുടെ വധത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമെന്നാണ് 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ അന്നത്തെ രാഷ്ട്രപതി മലയാളിയായ കെ.ആര്‍ നാരായണന്‍ അപലപിച്ചത്.
ഇന്ത്യയില്‍ ഹിന്ദുവികാരം ആളിക്കത്തിച്ച് ബി.ജെ.പി കേന്ദ്രഭരണം പിടിച്ചതും മുസ്ലീങ്ങള്‍ കോണ്‍ഗ്രസിനെ കൈവിടുകയും ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതുമെല്ലാം ബാബറി മസ്ജിദ് തകര്‍ച്ചയുടെ പ്രതിഫലനമായിരുന്നു.
ബാബറി മസ്ജിദ് തകര്‍ക്കാനുള്ള കര്‍സേവയും സംഘര്‍ഷത്തില്‍ 3000 പേരുടെ ജീവന്‍ നഷ്ടമായതും ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ യശസ് ഇടിച്ചു.
ബാബറി മസ്ജിദിന്റെ തകര്‍ച്ചയോടെയാണ് ഇന്ത്യയില്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലെന്ന പ്രചരണവും മുസ്ലീം തീവ്രവാദവും വളര്‍ന്നത്.
മസ്ജിദ് തകര്‍ത്ത് നാല്‍നൂറ്റാണ്ട് കഴിയുമ്പോഴും കേസിന്റെ വിചാരണതീരുകയോ ആരെയും ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി വിനയ്കട്യാര്‍ തുടങ്ങിയ 12 ബി.ജെ.പി സംഘപരിവാര്‍ നേതാക്കള്‍ ഇപ്പോഴും വിചാരണ നേരിടുകയാണ്.
കേന്ദ്രത്തില്‍ വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ അദ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയെങ്കിലും സിബിഐ നല്‍കിയ അപ്പീല്‍ പരിഗണിച്ച് സുപ്രീം കോടതി ഇവര്‍ പ്രതികളാണെന്ന് പിന്നീട് കണ്ടെത്തി.
അയോധ്യകേസ് ജനുവരി ആദ്യവാരത്തില്‍ സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉയര്‍ത്തുന്നത് അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണമാണ്. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഇടയാക്കിയ അദ്വാനിയുടെ രഥയാത്രയില്‍ സഹായിയായി നിന്ന നരേന്ദ്രമോദിയാണ് ഇന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി.
രാമക്ഷേത്രനിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സിറക്കണമെന്ന് ആര്‍.എസ്.എസ് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ലോക്സഭയില്‍ 80 അംഗങ്ങളെ പറഞ്ഞയക്കുന്ന ഉത്തര്‍പ്രദേശില്‍ രാമക്ഷേത്ര നിര്‍മ്മാണ വാഗ്ദാനം ഉയര്‍ത്തിയാണ് ബി.ജെ.പി തകര്‍പ്പന്‍ വിജയം നേടിയത്.
യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയില്‍ 80 ലോക്സഭാ സീറ്റില്‍ 71 സീറ്റും നേടിയത് ബി.ജെ.പിയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിജയം ആവര്‍ത്തിച്ച് മോദിക്ക് രണ്ടാമൂഴം ഉറപ്പിക്കാന്‍ രാമക്ഷേത്രം മുഖ്യതെരഞ്ഞെടുപ്പ് അജണ്ടയാക്കിയിരിക്കുകയാണ് സംഘപരിവാര്‍. ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെയും മതേതരകക്ഷികളുടെയും കൂട്ടായ്മക്കുകഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.