ബാബരി മസ്ജിദ്: മുസ്‌ലിം സംഘടനകളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി : ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ സുപ്രിംകോടതി ഉത്തരവ് ചര്‍ച്ച ചെയ്യുന്നതിന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. ഇന്ത്യാ ഇസ്ലാമിക് സെന്ററില്‍ വൈകിട്ട് 7.30നാണ് യോഗം.

ജമ്മുകശ്മിരിലെ നിയന്ത്രണങ്ങള്‍, പൗരത്വ പട്ടിക തുടങ്ങിയ വിഷയങ്ങലും ചര്‍ച്ചയാവും. യോഗത്തിന് ശേഷം മുസ്ലിം ലീഗ് നേതൃത്വം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും.

ബാബരി വിധിയ്ക്കെതിരേ പുനപരിശോധനാ ഹരജി നല്‍കാനുള്ള ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോഡിന്റെ തീരുമാനത്തിനൊപ്പം പാര്‍ട്ടി നിലകൊള്ളുമെന്ന് മുസ്ലിംലീഗ് അറിയിച്ചിട്ടുണ്ട്.

മുസ്ലിം ലീഗിന്റെ പ്രതിനിധി സംഘം കശ്മീര്‍ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചും ആലോചിക്കും.

അസമില്‍ പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് നിയമസഹായം നല്‍കാന്‍ മുസ്ലിം ലീഗിന്റെ ലോയേഴ്സ് ഫോറം 500 അഭിഭാഷകരെ ഉള്‍പ്പെടുത്തി ക്യാംപുകള്‍ സംഘടിപ്പിച്ചു വരികയാണ്.

സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് സൗജന്യമായും സാമ്പത്തിക ശേഷിയുള്ളവരില്‍ നിന്ന് കുറഞ്ഞ ഫീസ് ഈടാക്കിയും അവര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാനുള്ള സഹായം നല്‍കുകയാണ് ചെയ്യുന്നത്. ഇതോടൊപ്പം പൗരത്വം തെളിയിക്കാന്‍ 1971ന് മുമ്പ് ഇവിടെയുണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ പൗരത്വപ്പട്ടിക നിഷ്‌ക്കര്‍ഷിക്കുന്ന രേഖകളില്ലാത്തവരെ തുടര്‍ രേഖകള്‍ അംഗീകരിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുമെന്നും മുസ്ലിംലീഗ് നേതാക്കള്‍ വ്യക്തമാക്കി.

Top