ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി : ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദു നസീര്‍ എന്നിവര്‍ അടങ്ങുന്നതാണ് ഭരണഘടനാ ബെഞ്ച്. ജനുവരി 29ന് കേസ് പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും ജസ്റ്റിസ് ബോബ്‌ഡെ അവധി ആയതോടെ മാറ്റി വെക്കുകയായിരുന്നു.

ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിച്ച 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

ഈ ഭൂമിക്ക് ചുറ്റുമായി പലഘട്ടങ്ങളിലായി ഏറ്റടുത്ത 67 ഏക്കര്‍ സ്ഥലം വി.എച്ച്.പി അടക്കമുള്ള ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ചൊവ്വാഴ്ച കോടതിയുടെ മുന്നില്‍ വരും.

Top