സിനിമാ മേഖലയില്‍ നിന്ന് മാറിനില്‍ക്കാനുള്ള കാരണം വ്യക്തമാക്കി നടന് ബാബു ആന്റണി. ‘സിനിമയില്ലാതിരുന്നിട്ടോ പരാജയമുണ്ടായിട്ടോ അല്ല മാറി നിന്നത്. സിനിമയില്‍ ഒരുപാട് മുന്നോട്ട് പോകാന്‍ സാധിച്ചിട്ടില്ല. മുന്നോട്ട് പോകുമ്പോള്‍ ഒരുപാട് ആളുകള്‍ വലിച്ചിടാന്‍ നോക്കും’ അദ്ദേഹം പറഞ്ഞു.
ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന കായംകുളം കൊച്ചുണ്ണിയില്‍ കൊച്ചുണ്ണിയുടെ ഗുരുവായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. കരിയറിലെ മികച്ച വേഷമാണത്. നല്ല കഥാപാത്രങ്ങള്‍ ഒരുപാട് ചെയ്തിട്ടുണ്ട്. വൈശാലിയിലെ രാജാവ്, ശയനത്തിലെ തോമ..അങ്ങിനെയുള്ള കഥാപാത്രങ്ങളെല്ലാം അത്തരത്തിലുള്ളതാണ്.
ഇടവേള നല്‍കിയിട്ടും ഇടയ്ക്ക് ‘എസ്ര’ പോലുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും മാറി നിന്നിട്ടും തനിക്ക് വേണ്ടി കാത്തിരുന്ന ആരാധകര്‍ക്ക് നന്ദിയുണ്ടെന്നും ബാബു ആന്റണി പറഞ്ഞു.
സിനിമയില്‍ നിന്ന് വിട്ടു നിന്ന് കാലം മുഴുവന്‍ വീണ്ടുമൊരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലായിരുന്നെന്നും എന്നാല്‍ ആരെയും അവസരങ്ങള്‍ ചോദിച്ച് സമീപിച്ചില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.