പാലക്കാട്: മലമ്പുഴ ചെറാട് പാറയിടുക്കില്‍ നിന്ന് കരസേന രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു. പരിശോധനയില്‍ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കുഴപ്പമില്ല, നോ പ്രോബ്ലം എന്നായിരുന്നു ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ശേഷം ബാബുവിന്റെ പ്രതികരണം.
ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ന് ആശുപത്രി വിടുമെന്നും നേരത്തേ മന്ത്രി കെ കൃഷ്ണന്‍ കുട്ടി അറിയിച്ചിരുന്നു. നന്നായി ഉറങ്ങിയെന്നും ഭക്ഷണം കഴിക്കാന്‍ പറ്റുന്നുണ്ടെന്നും ചികിത്സയിലുള്ള ബാബു കഴിഞ്ഞ ദിവസം പറഞ്ഞു. പാറയിടുക്കിലേക്കുള്ള വീഴ്ചയിലുണ്ടായ ചെറിയ മുറിവുകളൊഴിച്ചാല്‍ ബാബുവിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ഇ.സി.ജി അടക്കമുള്ള പരിശോധനകള്‍ നടത്തിയിരുന്നു. രണ്ട് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞതിന്റെ ബുദ്ധിമുട്ടുകള്‍ മാത്രമാണുള്ളത്.