പാലക്കാട്: സുലൂരിലെ വ്യോമസേനാ ക്യാമ്പസിൽ നിന്നുള്ള പ്രത്യേക ഹെലികോപ്ടർ മലയുടെ മുകളിലെത്തി ബാബുവിനെ എയർലിഫ്റ്റ് ചെയ്തു. കഞ്ചിക്കോട് ഹെലിപാഡിലാണ് ബാബുവിനെ എത്തിച്ചത്. അവിടെ നിന്നും ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. ബാബുവിൻറെ ആരോഗ്യനില ഡോക്ടർമാർ പരിശോധിച്ചുവരികയാണ്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
ബാബുവിനെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാനാണ് സുലൂരിൽ നിന്ന് സൈനിക ഹെലികോപ്ടർ എത്തിച്ചത്. ആശുപത്രിയിൽ പരിശോധനയ്ക്ക് ശേഷം മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ബാബുവിനെ വീട്ടുകാർക്കൊപ്പം അയക്കും.
ചെങ്കുത്തായ മലയിടുക്കിൽ കുടുങ്ങിയ പാറക്കെട്ടിൽ മലമ്പുഴ ചെറാട് സ്വദേശി ആർ. ബാബുവിനെ രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ദൗത്യസംഘം രക്ഷപെടുത്തിയത്. കയറുകെട്ടി ബാബുവിനടുത്തെത്തിയ ദൗത്യ സംഘത്തിലെ സൈനികൻ ബാബുവിന് ആദ്യം വെള്ളം നൽകി. ശേഷം റോപ്പ് ഉപയോഗിച്ച് സൈനികൻ ബാബുവിനെ മുകളിലേക്ക് ഉയർത്തുകയായിരുന്നു. 46 മണിക്കൂറുകൾക്ക് ശേഷമാണ് ബാബുവിനെ രക്ഷിക്കാനായത്.