ന്യൂഡല്‍ഹി: ബിജെപി വിട്ട മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെയും ഡെറിക് ഒബ്രിയാന്‍ എംപിയുടെയും സാന്നിധ്യത്തിലാണ് പാര്‍ട്ടി പ്രവേശം.
കേന്ദ്രമന്ത്രി സഭയിലേക്ക് വീണ്ടും പരിഗണിക്കാത്തതിലും പശ്ചിമബംഗാളിലെ സംഘടനാ വിഷയങ്ങളിലും അതൃപ്തി പ്രകടിപ്പിച്ചാണ് ബാബുല്‍ സുപ്രിയോ നേരത്തെ ബിജെപി വിട്ടത്. രാഷ്ട്രീയ പ്രവര്‍ത്തനം ഇവിടെ അവസാനിപ്പിക്കുന്നുവെന്നും ബിജെപിയല്ലാതെ മറ്റൊരു സങ്കേതമില്ലെന്നുമായിരുന്നു നേരത്തെ രാജി പ്രഖ്യാപിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞത്.
രാഷ്ട്രീയത്തില്‍ നിന്നു വിടവാങ്ങാനുള്ള കാരണം മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതാണെന്നും പരോക്ഷമായി അദ്ദേഹം പറഞ്ഞുവെച്ചിരുന്നു. ബിജെപി വിട്ട് ഒന്നരമാസത്തിന് ശേഷം അദ്ദേഹം തൃണമൂലില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.