ബാബുരാജ് നായകനാക്കി നവഗാതനായ ഡിനു തോമസ് സംവിധാനം ചെയ്ത കൂദാശ എന്ന ചിത്രം തിയറ്ററുകളില്‍ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഡിവിഡി ഇറങ്ങിയതോടെ സിനിമ കണ്ടവര്‍ ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായമാണ് പറയുന്നത്. ചിത്രം റിലീസ് ചെയ്തിട്ടും തീയറ്ററുകള്‍ കിട്ടാതെ പോയ അവസ്ഥ വിവരിക്കുകയാണ് നടന് ബാബു രാജ്.
മലയാള സിനിമയെ ഉയര്‍ത്തണമെന്ന് പറയുമെങ്കിലും കാര്യത്തോട് അടുക്കുമ്പോള്‍ അന്യഭാഷ ബിഗ്ബജറ്റ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് താല്പര്യമെന്നാണ് ബാബു രാജ് വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിക്കുകയായിരുന്നു ബാബു രാജ്.
“ഇരുപത്തിയഞ്ച് വര്‍ഷത്തെ കരിയറില്‍ എനിക്ക് കിട്ടിയ നല്ല വേഷമായിരുന്നു കൂദാശയിലേത്. പലരും ഡിവിഡി കണ്ട് എന്നെ വിളിച്ചിരുന്നു ചിത്രം തിയേറ്ററില്‍ പോയി കാണാത്തതിന് സങ്കടം പ്രകടിപ്പിക്കുകയും ചെയ്തു. കൂദാശ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകള്‍ അധികം കിട്ടിയിരുന്നില്ല.
ഞാന്‍ ഒരുപാട് പേരെ വിളിച്ച് തിയേറ്റര്‍ ശരിയാക്കാന്‍ നോക്കിയതാണ്. അവസാനം അവര്‍ എന്റെ ഫോണ്‍ എടുക്കാത്ത അവസ്ഥയായി. നാലഞ്ച് തിയേറ്ററുള്ള എന്റെ സുഹൃത്ത് പോലും കൂദാശയ്ക്ക് ഒരു തിയേറ്റര്‍ തന്നില്ലെന്നത് സങ്കടമുണ്ടാക്കുന്ന കാര്യമാണ്.
മലയാള സിനിമ വളരണമെന്ന് പറയും പക്ഷേ കാര്യത്തോടുക്കുമ്പോ ഇങ്ങനെയൊക്കെയാണ്. അന്യഭാഷ ചിത്രങ്ങളും ബിഗ് ബജറ്റ് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാനാണ് താല്പര്യം. ഡയറക്ടര്‍ ജിത്തു ജോസഫിന്റെ കൂദാശയെ കുറിച്ചുള്ള വാക്കുകള്‍ സന്തോഷം നല്കുന്നു. ഇത്രയും നല്ല കഥാപാത്രം കിട്ടിയിട്ടും ശ്രദ്ധിക്കപെടാതെ പോയതില്‍ സത്യത്തില്‍ ഞാന്‍ വളരെയധികം വിഷമത്തില്‍ ഇരിക്കുകയായിരുന്നു. ഇപ്പോള്‍ കിട്ടുന്ന ഈ പോസിറ്റീവ് കമന്റുകള്‍ സന്തോഷം നല്കുന്നു.
ഒരു ഡയലോഗ് പറയാന്‍ പതിനഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വന്നു അപ്പോള്‍ ഇനിയും കാത്തിരിക്കേണ്ടി വരുമായിരിക്കും.ജിത്തു ജോസഫ് പറഞ്ഞത് പോലെ ഞാനൊക്കെ ഒരു ഇമേജിന്റെ തടവറയിലാണ്.”