തൊടുപുഴ: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറിക്കാനുള്ള ഉത്തരവ് ഉദ്യോഗസ്ഥതലയോഗ തീരുമാനപ്രകാരമെന്നു റിപ്പോര്‍ട്ട്. ജലവിഭവവകുപ്പു സെക്രട്ടറി വിളിച്ച യോഗത്തിലായിരുന്നു തീരുമാനം.
വനംവകുപ്പ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിലാണു വിശദീകരണം. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുത്തിയ ഉത്തരവ് നാളെ തന്നെ തമിഴ്‌നാടിന് അയക്കും.
അതേസമയം, മരംമുറി ഉത്തരവിലേക്കു നയിച്ച നിയമവശങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഉത്തരവിനു കാരണമായ സുപ്രീംകോടതി ഉത്തരവും വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ നിയമവശവും പരിശോധിക്കാനാണു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ഈ തീരുമാനം മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെയായിരുന്നു. തുടര്‍ന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. അസാധാരണ നടപടിയാണ് ഉണ്ടായതെന്നും അതിനു പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞിരുന്നു.