ഇനി റിസോര്‍ട്ട് തന്നെ രക്ഷ . . ബി.ജെ.പിയെ പേടിച്ച് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു

ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളൂരുവില്‍നിന്ന് റിസോര്‍ട്ടിലേക്ക് മാറ്റുന്നു. 50 കിലോമീറ്റര്‍ അകലെയുള്ള ബിദഡിയിലെ പഞ്ചനക്ഷത്ര സൗകര്യമുള്ള ഈഗിള്‍ടണ്‍ ഗോള്‍ഫ് റിസോര്‍ട്ടിലേക്കാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റുന്നത്. ഇവര്‍ക്കായി 120 മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബംഗളൂരുവില്‍ നിന്ന് പ്രത്യേക ബസില്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ക്ക് മുന്നിലെത്തിച്ച ശേഷമായിരിക്കും 73 എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുക.

ഇതിന് മുമ്പും റിസോര്‍ട്ട് രാഷ്ട്രീയം അരങ്ങേറിയിട്ടുണ്ട്. ഗുജറാത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും അവിടെ നിന്നുള്ള 48 എംഎല്‍എമാരെ പാര്‍പ്പിച്ചത് ഇതേ റിസോര്‍ട്ടില്‍ തന്നെയായിരുന്നു. അഹമ്മദ് പട്ടേലിന്റെ വോട്ടുകള്‍ ഉറപ്പാക്കാനാനായിരുന്നു ഗുജറാത്തിലെ എംഎല്‍എമാരെ കോണ്‍ഗ്രസ് ഇവിടേക്ക് എത്തിച്ചത്.

1984ല്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍.ടി.രാമറാവുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ എം.എല്‍.എമാരെ അദ്ദേഹം ബംഗളൂരുവിനടുത്തുള്ള ദേവനഹള്ളിയിലെ ഒരു റിസോര്‍ട്ടിലായിരുന്നു താമസിപ്പിച്ചത്. 2002ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന വിലാസ് റാവു ദേശ്മുഖ് സഭയില്‍ വിശ്വാസവോട്ട് തേടിയ അവസരത്തില്‍ എം.എല്‍.എമാരെ ബംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.

2004ല്‍ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസും ജെ.ഡി.എസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തങ്ങളുടെ എംഎല്‍എമാരെ ബംഗളൂരുവിന് പുറത്തുള്ള ഒരു റിസോര്‍ട്ടിലും 2006ല്‍ എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ജെ.ഡി.എസ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയപ്പോള്‍ ജെ.ഡി.എസ് എം.എല്‍.എമാര്‍ ഗോവയിലെ ഒരു റിസോര്‍ട്ടിലും താമസിപ്പിച്ചിരുന്നു.

Top