ഭാഗ്യനിറത്തിലേക്ക് തിരികെ; ബിസിസിഐയുടെ പുതിയ ജേഴ്സി

മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായി ടീം ഇന്ത്യയുടെ പുതിയ ജേഴ്സി ബിസിസിഐ പുറത്തിറക്കി. സ്കൈ ബ്ലൂ ഷെയ്ഡിലുള്ളതാണ് ടീം കുപ്പായം. 2007-08 കാലത്തായിരുന്നു ഇതിന് മുമ്പ് ടീം ഇന്ത്യ ആകാശനീല നിറത്തിലുള്ള ജേഴ്സിയണിഞ്ഞത്. 2007ലെ ഏകദിന ലോകകപ്പിനായാണ് കുപ്പായം അന്ന് പ്രധാനമായും പുറത്തിറക്കിയതെങ്കിലും പിന്നാലെ എം എസ് ധോണിയുടെ നേതൃത്വത്തില്‍ പ്രഥമ ടി20 ലോകകപ്പ് ടീം ഇന്ത്യ ഉയർത്തിയത് സമാന ടീം ജേഴ്സിയിലായിരുന്നു.

ബിസിസിഐയും സ്പോണ്‍സർമാരായ എംപിഎല്ലും ചേർന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഔദ്യോഗിക ടി20 ജേഴ്സി പുറത്തിറക്കിയത്. ജേഴ്സിയില്‍ മാറ്റം വരുമെന്ന സൂചന ഒരാഴ്ച മുമ്പ് ബിസിസിഐ ട്വിറ്ററിലൂടെ നല്‍കിയിരുന്നു. ഒരു വർഷത്തിനിടെ രണ്ടാം മാറ്റമാണ് ജേഴ്സില്‍ വരുന്നത്. കഴിഞ്ഞ വർഷം യുഎഇയിലെ ടി20 ലോകകപ്പിന് മുമ്പ് ബിസിസിഐ ടീമിന്‍റെ കുപ്പായത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. മൊഹാലിയില്‍ ഓസ്ട്രേലിയക്കെതിരെ ചൊവ്വാഴ്ച നടക്കുന്ന ആദ്യ ടി20യില്‍ ഇന്ത്യ ഇറങ്ങുക പുതിയ ജേഴ്സിലായിരിക്കും. ലോകകപ്പിന് യാത്രതിരിക്കും മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും ഇന്ത്യക്ക് ടി20 പരമ്പരയുണ്ട്. ഓസ്ട്രേലിയയില്‍ ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ടി20 ലോകകപ്പ് നടക്കുക.

Top