കോളേജുകളിലെ പിന്‍വാതില്‍ പ്രവേശനം അവസാനിപ്പിക്കണം; ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കോളജുകളിലെ പിന്‍വാതില്‍ പ്രവേശനം അവസാനിപ്പിക്കണമെന്ന നിര്‍ദേശവുമായി ഡല്‍ഹി ഹൈക്കോടതി. ‘രാജ്യത്ത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മെറിറ്റിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ കോളജുകളില്‍ പ്രവേശനത്തിന് വേണ്ടി കഷ്ടപ്പെടുമ്പോള്‍ ഇവിടെ പിന്‍വാതില്‍ പ്രവേശനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്’. ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി.

2016ലെ ഭോപ്പാല്‍ എല്‍എന്‍ മെഡിക്കല്‍ കോളജ് അഡ്മിഷനുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. രാജ്യത്ത് നീറ്റ് പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രീകൃത കൗണ്‍സിലിങ് സിസ്റ്റം അനുസരിച്ചാണ് എല്ലാ സര്‍ക്കാര്‍/സ്വകാര്യ മെഡിക്കല്‍ കോളജുകളിലേക്കുമുള്ള പ്രവേശനം നടക്കുന്നത്

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കേന്ദ്രീകൃത കൗണ്‍സിലിങ് മുഖാന്തരമല്ലാതെ ഭോപ്പാല്‍ മെഡിക്കല്‍ കോളജില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിരുന്നു. ഈ വിദ്യാര്‍ത്ഥികളുടെ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പിന്‍വാതില്‍ പ്രവേശനം നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. ‘രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ കഠിനമായി പരിശ്രമിക്കുന്നു. ഈ സാഹചര്യത്തില്‍ മറ്റു വിദ്യാര്‍ത്ഥികള്‍ പിന്‍വാതിലിലൂടെ പ്രവേശിക്കുന്നത് അങ്ങേയറ്റം അനീതിയാണ്’. ഹൈക്കോടതി നിരീക്ഷിച്ചു.

 

Top