ക്രിസ്റ്റ്യാനോക്ക് തിരിച്ചടി; രണ്ടാമത്തെ ജർമൻ ക്ലബ്ബും നിരസിച്ചു

സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കുക എന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വപ്‌നം അവസാനിക്കുന്നു. മാഞ്ചസ്റ്റർ വിടാനാഗ്രഹിക്കുന്ന താരത്തെ നിരസിച്ചവരുടെ കൂട്ടത്തിലേക്ക് ജർമൻ ക്ലബ്ബ് ബൊറുഷ്യ ഡോട്മുണ്ട് കൂടി ചേർന്നതോടെയാണിത്.

ക്രിസ്റ്റ്യാനോയുടെ ഏജന്റ് ജോർജ് മെൻഡസ് ഡോട്മുണ്ടുമായി ചർച്ചകൾ ആരംഭിച്ചെങ്കിലും 37-കാരനായ താരത്തിന്റെ പ്രായവും ഉയർന്ന ശമ്പളവും ജർമൻ ക്ലബ്ബിനെ പിന്തിരിപ്പിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ, ഈ സീസണിൽ താരം മാഞ്ചസ്റ്ററിൽ തന്നെ കാണുമെന്നും ചാമ്പ്യൻസ് ലീഗിന് ഉണ്ടാവില്ലെന്നും ഏറെക്കുറെ ഉറപ്പായി.

ഇറ്റാലിയൻ ക്ലബ്ബ് യുവന്റസ് വിട്ട് മാഞ്ചസ്റ്ററിലെത്തിയ ക്രിസ്റ്റ്യാനോ കഴിഞ്ഞ സീസണിനു ശേഷം ക്ലബ്ബ് മാറാൻ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ സീസൺ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തു മാത്രം ഫിനിഷ് ചെയ്ത യുനൈറ്റഡിന് ഇത്തവണ ചാമ്പ്യൻസ് ലീഗ് കളിക്കാൻ കഴിയില്ലെന്നതായിരുന്നു ഇതിന് കാരണം.

ബയേൺ മ്യൂണിക്ക്, പി.എസ്.ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, അത്‌ലറ്റികോ മാഡ്രിഡ്, എ.സി മിലാൻ, ഇന്റർ മിലാൻ തുടങ്ങിയ ക്ലബ്ബുകളുമായി താരത്തിന്റെ ഏജന്റ് ചർച്ച നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല.

Top