നെതന്യാഹു സര്‍ക്കാറിന് തിരിച്ചടി; ജുഡീഷ്യറിയുടെ അധികാരപരിധി മറികടക്കാനുള്ള വിവാദനിയമം റദ്ദാക്കി ഇസ്രയേല്‍ സുപ്രീംകോടതി

ജുഡീഷ്യറിയുടെ അധികാരപരിധിയെ അട്ടിമറിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദനിയമം അസാധുവാക്കി ഇസ്രയേല്‍ സുപ്രീംകോടതി. ഇസ്രയേലിന്റെ ജനാധിപത്യ സംവിധാനത്തെ സാരമായി ബാധിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ തിങ്കളാഴ്ചത്തെ വിധി. ഗാസയ്‌ക്കെതിരായ സൈനിക നീക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിരോധത്തിലാക്കിയിരിക്കുന്ന നെതന്യാഹുവിന്റെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവ്.

ഇസ്രയേലി സൈനികര്‍ പലഭാഗങ്ങളിലായി തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി പോരാടുമ്പോള്‍ സമൂഹത്തില്‍ തര്‍ക്കമുണ്ടാക്കുന്ന ഒരു വിധി സുപ്രീംകോടതി കൊണ്ടുവന്നത് നിര്‍ഭാഗ്യകരമാണെന്ന് നെതന്യാഹുവിന്റെ പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളായ ആക്ടിറ്റിവിസ്റ്റ് ഗൗര്‍പ് കപ്ലാന്‍ ഫോഴ്‌സ്, വിധി ഇസ്രയേലി പൗരന്മാരുടെ വിജയമാണെന്നാണ് പ്രതികരിച്ചത്. ‘ഇസ്രായേലി ജനാധിപത്യത്തെയും സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ മൂല്യങ്ങളെയും അതിനെ കാവല്‍ക്കാരായ സുപ്രീംകോടതിയെയും സംരക്ഷിക്കാന്‍ പുറത്തിറങ്ങിയ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് നന്ദി പറയേണ്ട സമയമാണിത്’ ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രയേലിന്റെ ചരിത്രത്തില്‍ ആദ്യമായി സുപ്രീംകോടതി 15 അംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഏഴിനെതിരെ എട്ട് പേരുടെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു ഉത്തരവ്. ജുഡീഷ്യല്‍ അധികാരത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഇസ്രയേലില്‍ മാസങ്ങള്‍ നീണ്ട പ്രതിഷേധം നടന്നിരുന്നു. റിസര്‍വ് സൈനികര്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു. ഇസ്രയേലില്‍ മതപരവും വംശീയവും വര്‍ഗപരവുമായ വിഭജനം വ്യാപിക്കാനും ഇത് കാരണമായിരുന്നു. ആഭ്യന്തര സമ്മര്‍ദങ്ങള്‍ക്ക് പുറമെ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലിന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്കയും ആ സമയത്ത് രംഗത്തുവന്നിരുന്നു.ഏഴുമാസത്തെ സംവാദത്തിന് ശേഷമായിരുന്നു 2023 ജൂലൈയില്‍, സര്‍ക്കാര്‍ തീരുമാനങ്ങള്‍ റദ്ദാക്കാന്‍ സുപ്രീംകോടതിയെ അനുവദിക്കുന്ന വകുപ്പ് എടുത്തുകളഞ്ഞ് ഇസ്രയേലി പാര്‍ലമെന്റ് നിയമം പാസാക്കിയത്. സുപ്രീംകോടതിയുടെ അധികാരങ്ങള്‍ക്ക് മുകളില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ക്ക് നിയന്ത്രണം നല്‍കാനുള്ള നീക്കത്തിന്റെ ആദ്യഭാഗം എന്ന നിലയ്ക്കായിരുന്നു ആ നിയമം കൊണ്ടുവന്നത്. എന്നാല്‍ അങ്ങനെയൊരു നീക്കം സുപ്രീംകോടതി റദ്ദാക്കുന്നതോടെ ഇസ്രയേലില്‍ വീണ്ടുമൊരു രാഷ്ട്രീയ പ്രതിസന്ധിക്ക് കളമൊരുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Top