മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പ്. 9 പേര്‍ കൊല്ലപ്പെട്ടു. സ്ഥലത്ത് കേന്ദ്ര സേന തിരച്ചില്‍ ആരംഭിച്ചു. സമാധാന നീക്കങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന എല്ലാ നീക്കങ്ങളെയും ശക്തമായ് ചെറുക്കുമെന്ന് രാജ് ഭവന്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിലെ ഐഗിജാങ് ഗ്രാമത്തിലാണ് സംഭവം. സായുധരായ ഒരു സംഘം ആണ് ആക്രമത്തിന് പിന്നിലെന്ന് ഇംഫാല്‍ ഈസ്റ്റ് സൂപ്രണ്ട് ഓഫ് പൊലീസ് പറഞ്ഞു. ഒരു സ്ത്രീ അടക്കം 9 പേര്‍ ആണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ ശരീരത്തില്‍ വെട്ടേറ്റതിന്റേയും വെടിയുണ്ടകള്‍ തുളച്ചുകയറിയതിന്റേയും പാടുകള്‍ ഉണ്ട്.
പുതിയ സംഭവ വികാസങ്ങളെ തുടര്‍ന്ന് ഇംഫാല്‍ ഈസ്റ്റ് ജില്ലാ ഭരണകൂടം ജില്ലയിലെ കര്‍ഫ്യൂ ഇളവ് അതിരാവിലെ വെറും നാല് മണിക്കൂറാക്കി ചുരുക്കി. കര്‍ഫ്യൂ ഇളവ് രാവിലെ 5 മുതല്‍ വൈകുന്നേരം 6 വരെ ആയിരുന്നത്, ഇപ്പോള്‍ രാവിലെ 5 മുതല്‍ രാവിലെ 9 വരെയാക്കി ചുരുക്കി. അതിനിടെ, സംസ്ഥാനത്ത് നിന്ന് ഇതുവരെ 1,040 ആയുധങ്ങളും, 13,601 വെടിക്കോപ്പുകളും, 230 ബോംബുകളും കണ്ടെടുത്തതായി മണിപ്പൂര്‍ സര്‍ക്കാരിന്റെ ഉപദേഷ്ടാവ് കുല്‍ദീപ് സിങ് അറിയിച്ചു.