ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും മോശം വിമാനക്കമ്പനി ഇന്‍ഡിഗോയെന്ന് റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയായ ഒ.ബ്രിയന്‍ ചെയര്‍മാനായ പാര്‍ലിമെന്ററി സമിതിയാണ് സ്വകാര്യ വിമാനക്കമ്പനികളില്‍ ഏറ്റവും മോശപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്നത് ഇന്‍ഡിഗോയാണെന്ന് വ്യക്തമാക്കിയത്.
ഉപഭോക്താക്കളുടെ പരാതികളോട് കൃത്യമായി കമ്പനി പ്രതികരിക്കുന്നില്ലെന്നും മികച്ച സേവനം കാഴ്ച വയ്ക്കാന്‍ കഴിയുന്നില്ലെന്നതുമാണ് ഇന്‍ഡിഗോയെ പിന്തള്ളാന്‍ കാരണമായത്. സമിതിയിലെ 30 അംഗങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഏകഅഭിപ്രായമാണ് ഉള്ളത്.
ലഗേജ് പോളിസിയില്‍ പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യ മികച്ച പ്രകടനം നടത്തുന്നുവെന്നും പാര്‍ലമന്റെറി സമിതി കണ്ടെത്തിയിട്ടുണ്ട്. ടൂറിസം, സാംസ്‌കാരികം, റോഡ്, ഷിപ്പിങ് ആന്‍ഡ് എവിയേഷന്‍ തുടങ്ങിയ വകുപ്പുകളെ ഉള്‍ക്കൊള്ളിച്ചാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ചില വിമാന കമ്പനികള്‍ അധിക തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പാര്‍ലമന്റെറി സമിതി വ്യക്തമാക്കുന്നു.