മോശം പെരുമാറ്റം; സോനത്തിന് കാരണം കാണിക്കല്‍ നോട്ടീസ്, വിനേഷിന് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) സസ്‌പെന്‍ഡ് ചെയ്തു. ടോക്യോ ഒളിമ്പിക്‌സിനിടെയുണ്ടായ സംഭവങ്ങളുടെ ഭാഗമായാണ് നടപടി. മൂന്ന് കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിനേഷിനെതിരായ നടപടി. മറുപടി നല്‍കുവാനായി ഓഗസ്റ്റ് 16 വരെ സമയം നല്‍കിയിട്ടുണ്ട്. ഹംഗറിയിലെ പരിശീലനത്തിന് ശേഷം കോച്ച് വോളോര്‍ അക്കോസിനോടൊപ്പം ടോക്യോയിലെത്തിയ വിനേഷ്, ഒളിമ്പിക് വില്ലേജില്‍ താമസിക്കുവാനും മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്താനും വിസമ്മതിച്ചിരുന്നു.

ഇത് കൂടാതെ ഇന്ത്യയുടെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍ നല്‍കിയ ജഴ്‌സി ധരിക്കാതെ നൈക്കിന്റെ ജഴ്‌സി ധരിച്ചാണ് താരം മത്സരത്തിനിറങ്ങിയത്. വിനേഷിന്റെ ഭാഗത്ത് നിന്നുമുണ്ടായത് കടുത്ത അച്ചടക്ക നടപടിയാണെന്ന് ഡബ്ല്യുഎഫ്‌ഐ അധികൃതര്‍ അറിയിച്ചു.’വിനേഷിനെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുകയും എല്ലാ ഗുസ്തി പ്രവര്‍ത്തനങ്ങളില്‍ നിന്നും തടയുകയും ചെയ്തിട്ടുണ്ട്. സസ്‌പെന്‍ഷന് കാരണമായ കാര്യങ്ങള്‍ക്ക് അവര്‍ നല്‍കുന്ന മറുപടിയില്‍ ഡബ്ല്യുഎഫ്‌ഐ അന്തിമ തീരുമാനമെടുക്കുന്നത് വരെ ആഭ്യന്തര, ദേശീയ മത്സരങ്ങളില്‍ വിനേഷിന് പങ്കെടുക്കാന്‍ കഴിയില്ലെന്നും’ ഡബ്ല്യുഎഫ്‌ഐ വ്യക്തമാക്കി.

ഗുസ്തി താരങ്ങളായ സോനം മാലിക്, അന്‍ഷു മാലിക്, സീമ ബിസ്ല എന്നിവര്‍ താമസിച്ചതിന് സമീപമായിരുന്നു ഒളിമ്പിക് വില്ലേജില്‍ വിനേഷിന് മുറി അനുവദിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്നും എത്തിയ ഇവരില്‍ നിന്നും തനിക്ക് കൊവിഡ് പകരുമെന്ന് ചൂണ്ടിക്കാട്ടി വിനേഷ് പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായി ടോക്യോയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു.

അതേസമയം മോശം പെരുമാറ്റത്തിന് യുവതാരം സോനം മാലിക്കിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ടോക്യോയ്ക്ക് പുറപ്പെടുന്നതിന് മുന്നെയുണ്ടായ സംഭവത്തിന്റെ പേരിലാണ് 19 വയസുകാരിയായ സോനത്തിന് നോട്ടീസ് നല്‍കിയത്. തന്റെ പാസ്‌പോര്‍ട്ട് റെസ്ലിങ് ഫെഡറേഷന്‍ ഓഫീസില്‍ നിന്നും സ്വയമോ, കുടുംബത്തെയോ വിട്ട് സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന താരം സായി അധികൃതരോട് അതെടുക്കുവാന്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.

‘ഈ കുട്ടികളെല്ലാം വലിയ താരങ്ങളാണെന്നാണ് വിചാരിക്കുന്നത്, അതിനാല്‍ തന്നെ തങ്ങള്‍ക്ക് എന്തുമാവാം എന്നാണ് അവരുടെ ധാരണ. എന്നാല്‍ ഇവര്‍ക്ക് ഒന്നും തന്നെ നേടാനായിട്ടില്ല. ഇത്തരം മനോഭാവം ഒരിക്കലും അംഗീകരിക്കാനാവില്ല’ റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധി പറഞ്ഞു.

 

Top