മോശം ഫോം; ഹര്‍മന്‍പ്രീത് കൗര്‍ ടീമിന് പുറത്തേക്ക്?

ക്വീന്‍സ്ടൗണ്‍: മോശം ഫോമിലുള്ള മുന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ പുറത്തിരുത്തിയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ന്യൂസിലന്‍ഡിനെതിരെ നാലാം ഏകദിനം കളിച്ചത്. 2017 ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിര 171 റണ്‍സ് എടുത്തതിന് ശേഷമുള്ള 32 ഏകദിന മത്സരങ്ങളില്‍ 27.90 ശരാശരിയോടെ വെറും 614 റണ്‍സ് മാത്രമാണ് ഹര്‍മന്‍പ്രീതിന്റെ സമ്പാദ്യം. വെറും മൂന്ന് അര്‍ധസെഞ്ചുറി മാത്രമാണ് ഇക്കാലയളവില്‍ ഹര്‍മന്‍പ്രീത് നേടിയത്.

ഇതോടെ ഹര്‍മന്‍പ്രീതിന്റെ ടീമിലെ സ്ഥാനത്തിനും ഇളക്കം തട്ടിത്തുടങ്ങി. കിവീസ് വനിതകള്‍ക്കെതിരെ നാലാം ഏകദിനത്തില്‍ അഞ്ച് മാറ്റങ്ങളുമായി കളിക്കാനിറങ്ങിയ ഇന്ത്യ വൈസ് ക്യാപ്റ്റനായി ദീപ്തി ശര്‍മ്മയെ തെരഞ്ഞെടുത്തതും ശ്രദ്ധേയമായി.

ഹര്‍മന്‍ പുറത്തിരുന്ന ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തിലും ഇന്ത്യന്‍ വനിതകള്‍ തോല്‍വി വഴങ്ങി. 63 റണ്‍സിനാണ് ആതിഥേയരായ ന്യൂസിലന്‍ഡിന്റെ ജയം. ന്യൂസിലന്‍ഡിന്റെ 191 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 17.5 ഓവറില്‍ 128 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 29 പന്തില്‍ 52 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിതാലി രാജും മാത്രമാണ് പിടിച്ചുനിന്നത്. അര്‍ധ സെഞ്ചുറിയും മൂന്ന് വിക്കറ്റുമായി കിവികളുടെ അമേലിയ കേര്‍ ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

ഇന്ത്യയുടെ എട്ട് താരങ്ങള്‍ രണ്ടക്കം കണ്ടില്ല. സ്മൃതി മന്ഥാന(13), ഷെഫാലി വര്‍മ(0), യാസ്തിക ഭാട്ട്യ(0), പൂജാ വസ്ത്രാകര്‍(4), ദീപ്തി ശര്‍മ്മ(9), സ്‌നേഹ് റാണ(9), മേഗ്‌ന സിംഗ്(0*), രേണുക സിംഗ്(0), രാജേശ്വരി ഗെയ്ക്‌വാദ്(4) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. മഴകാരണം 20 ഓവറായി ചുരുക്കിയ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്‍ഡ് 191 റണ്‍സിലെത്തിയത്. വണ്‍ ഡൗണായിറങ്ങി അമേലിയ കേര്‍ 33 പന്തില്‍ 68 റണ്‍സെടുത്തു.

 

Top