എംഎൽഎക്കും ഭാര്യക്കുമെതിരെ മോശം പരാമർശം; വൈ എസ് ശർമിള അറസ്റ്റിൽ

ഹൈദരാബാദ്: വൈ എസ് ആർ ടി പി നേതാവ് വൈ എസ് ശർമിള വീണ്ടും അറസ്റ്റിലായി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ പ്രജാ പ്രസ്ഥാനം പദയാത്രയ്ക്കിടെ തെലങ്കാനയിലെ മെഹമൂദാബാദിൽ നിന്നാണ് ശർമിളയെ അറസ്റ്റ് ചെയ്തത്. മെഹമൂദാബാദ് എം എൽ എ ശങ്കർ നായികിനെതിരെ മോശം പരാമർശം നടത്തിയെന്ന കേസിലാണ് ശർമിളയെ അറസ്റ്റ് ചെയ്തത്. ശങ്കർ നായികിനെ മാഫിയക്കാരനെന്നും അഴിമതിക്കാരനെന്നുമാണ് ശർമിള വിളിച്ചത്. എം എൽ എയുടെ ഭാര്യയെക്കുറിച്ചും ശർമിള പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.

പൊതുയോഗത്തിലെ ശർമിളയുടെ പരാമർശത്തിനെതിരെ പട്ടികജാതി, പട്ടികവർഗ പീഡന നിരോധനനിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഈ കേസിന്റെ അടിസ്ഥാനത്തിലാണ് ശർമിളയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ബി ആർ എസ് – വൈ എസ് ആർ ടി പി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായതോടെ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ ശർമിളയെ അറസ്റ്റ് ചെയ്ത് ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. നേരത്തേയും പദയാത്രയ്ക്കിടെ പല തവണ ശർമിളയെ അറസ്റ്റ് ചെയ്തിരുന്നു. കെ സി ആർ സർക്കാറിന്റെ പ്രതികാര നടപടിയാണിതെന്ന് ശർമിള ആരോപിച്ചു.

ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻമോഗൻ റെഡ്ഢിയുടെ സഹോദരിയാണ് വൈ എസ് ശർമിള. വൈ എസ് ആ‌ർ പാ‍ർട്ടിക്ക് തെലങ്കാനയിലും ശക്തി തെളിയിക്കാനായുള്ള ശ്രമത്തിലാണ് ശർമിള. ഇതിനായി വൈ എസ് ആർ തെലങ്കാന പാർട്ടി രൂപീകരിച്ചാണ് ശർമിളയുടെ പ്രവർത്തനം. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷയും ശർമിള തന്നെയാണ്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവുമായി നിരന്തരം ഏറ്റുമുട്ടലിലാണ് ശർമിള. നേരത്തെയും ശർമിളയെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top