രമ്യ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശം: വിജയരാഘവന്റേത് കേസെടുക്കത്തക്ക കുറ്റമല്ലെന്ന്

മലപ്പുറം: ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കേസ് എടുക്കേണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. വിജയരാഘവന്‍ കേസെടുക്കത്തക്ക കുറ്റം ചെയ്തിട്ടില്ലെന്ന് മലപ്പുറം എസ്.പിക്ക് നിയമോപദേശം നല്‍കി.

വിജയരാഘവന്റേത് കേസെടുക്കത്തക്ക കുറ്റമല്ല എന്ന ഒറ്റവരി നിയമോപദേശമാണ് തൃശൂര്‍ റേഞ്ച് ഐജിക്ക് നല്‍കിയിരിക്കുന്നത്. രമേശ് ചെന്നിത്തലയും, പൊന്നാനി യൂത്ത് കോണ്‍ഗ്രസ് നേതാവും, രമ്യ ഹരിദാസും നേരിട്ട് പരാതി നല്‍കിയിട്ടും ഇത്തരത്തിലൊരു നടപടി അംഗീകരിക്കാനാവില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി.

പൊന്നാനിയില്‍ ഇടതു മുന്നണി പൊതുയോഗത്തിലെ എ വിജയരാഘവന്റെ പ്രസംഗം ദളിത് വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയെന്ന നിലയില്‍ തനിക്ക് വ്യക്തിപരമായി അപമാനമുണ്ടാക്കിയെന്നാണ് രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്.

എ വിജയരാഘവനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇടതു മുന്നണി കണ്‍വീനര്‍ വിജയരാഘവന്‍ രമ്യാ ഹരിദാസിനെ മോശം പരാമര്‍ശത്തിലൂടെ അപമാനിക്കുകയും സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്‌തെന്നും ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ(1), (4) അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടത്.

Top