അരൂര്‍ മാര്‍ക്കറ്റിലേക്കു കടത്താന്‍ ശ്രമിച്ച ചീഞ്ഞ ചെമ്മീനുകള്‍ ജില്ലാ ആരോഗ്യ വിഭാഗം പിടികൂടി

തൃപ്പൂണിത്തുറ: അരൂര്‍ മാര്‍ക്കറ്റിലേക്കു കടത്താന്‍ ശ്രമിച്ച ചീഞ്ഞ ചെമ്മീനുകള്‍ ജില്ലാ ആരോഗ്യ വിഭാഗം പിടികൂടി. ആരോഗ്യ വിഭാഗം ജില്ലാ ഓഫിസര്‍മാരുടെ പരിശോധനയിലാണ് ചീഞ്ഞ ചെമ്മീനുകള്‍ പിടികൂടിയത്.

കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നും കടുത്ത ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആരോഗ്യ വിഭാഗം ജില്ലാ ഓഫിസര്‍മാര്‍ വാഹനം തടഞ്ഞുവെച്ച് പരിശോധന നടത്തുകയായിരുന്നു.

ആന്ധ്രാ പ്രദേശില്‍ നിന്നും കൊണ്ടുവന്ന ചെമ്മീന്‍ മിനി ബൈപാസിലെ പഴയ ടോളിനു സമീപത്തുവച്ചാണ് പിടികൂടിയത്. നാല്‍പതു കിലോയുള്ള നൂറിലേറെ പെട്ടികളാണ് കണ്ടെയ്‌നറില്‍ ഉണ്ടായിരുന്നത്.

ചമ്പക്കര മാര്‍ക്കറ്റില്‍ ഇറക്കിയ ശേഷമാണു ചെമ്മീന്‍ അരൂരിലേക്കു കൊണ്ടുപോയതെന്നു ഡ്രൈവര്‍ പറഞ്ഞു. ഐസില്‍ ഇട്ടു സൂക്ഷിച്ച ചെമ്മീനുകള്‍ പലതും ചീഞ്ഞ് അഴുകിയ നിലയിലായിരുന്നു. മീനുകള്‍ക്ക് ആഴ്ചകളോളം പഴക്കമുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

പിടികൂടിയ മീനുകള്‍ നഗരസഭാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നശിപ്പിക്കാന്‍ തീരുമാനമായി.

Top