ചെന്നൈ: കാണാതായ വ്യോമസേന വിമാനത്തിനായുള്ള തിരച്ചില്‍ മോശം കാലാവസ്ഥ മൂലം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
തിരച്ചില്‍ നടത്തിവന്ന എട്ട് വിമാനങ്ങള്‍ കപ്പലിലേക്ക് മടങ്ങി. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ തിരച്ചില്‍ പുന:രാരംഭിക്കും.
വ്യോമസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റേയും രണ്ട് വിമാനം വീതവും നാവികസേനയുടെ നാല് വിമാനങ്ങളുമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തിയിരുന്നത്. നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റേതുമായി 17 കപ്പലുകളും ഒരു മുങ്ങി കപ്പലും തിരച്ചില്‍ സംഘത്തിലുണ്ട്.
വിമാനം കാണാതായിട്ട് രണ്ട് ദിവസമായിട്ടും ഒരു വിവരവും ലഭിക്കാത്തതിനാല്‍ പ്രതിരോധമന്ത്രാലയം ഐഎസ്ആര്‍ഒയുടെ സഹായം തേടിയിട്ടുണ്ട്. ഐഎസ്ആര്‍ഒയുടെ ഭൂതല നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് ഉപയോഗിച്ച് വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.
റിസാറ്റ് ഉപയോഗിച്ച് രാത്രിയും പകലും കടലില്‍ നിന്നുള്ള ചിത്രങ്ങളെടുക്കാം. ഇരുണ്ട മേഘങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് പോലും ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുമെന്നത് തിരച്ചില്‍ കൂടുതല്‍ എളുപ്പമാക്കുമെന്നും ഐഎസ്ആര്‍ഒ അധികൃതര്‍ പറയുന്നു.
ഉപഗ്രഹം കൊണ്ടുള്ള തിരച്ചലില്‍ കാണാതായ വിമാനത്തെ കുറിച്ച് എന്തെങ്കിലും വിവരം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.
29 പേരുമായി ചെന്നൈ താംബരത്ത് നിന്നും ആന്റമാനിലേക്ക് പോയ വ്യോമസേനയുടെ എഎന്‍ 32 വിമാനം വെള്ളിയാഴ്ചയാണ് കാണാതായത്. വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചിരിക്കാം എന്ന നിഗമനത്തിലാണ് തിരച്ചില്‍ നടത്തുന്നത്.
എന്നാല്‍ ഇതുവരെ വിമാനത്തെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഇന്നലത്തെ തിരച്ചിലില്‍ കണ്ടെടുത്ത അവശിഷ്ടങ്ങള്‍ കാണാതായ വിമാനത്തില്‍ നിന്നുള്ളതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വിമാനത്തില്‍ രണ്ട് മലയാളികളുമുണ്ട്. വിമാനത്തിലെ മിലിട്ടറി ജൂനിയര്‍ എഞ്ചിനീയറായ ഐ.പി. വിമലും (30) നേവി ഓഫീസറായ സജീവ് കുമാറുമാണ് (38) വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍.