ബാഡ്മിന്റണ്‍ താരം ലീ ചോംഗ് വേയ്ക്ക് അര്‍ബുദ രോഗമെന്ന് സ്ഥിരീകരിച്ചു

ക്വാലാലംപുര്‍: മലേഷ്യന്‍ ബാഡ്മിന്റണ്‍ താരം ലീ ചോംഗ് വേയ്ക്ക് അര്‍ബുദ രോഗമെന്ന് സ്ഥിരീകരിച്ചു. മലേഷ്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂക്കിനുള്ളിലാണ് താരത്തിന്‌ അര്‍ബുദം ബാധിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും രോഗത്തില്‍ നിന്നും മുക്തി നേടാന്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കണമെന്നും മലേഷ്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ അഭ്യര്‍ഥിച്ചു.

നിലവില്‍ തായ് വാനിലാണ് ലീ ചോംഗിന്റെ ചികിത്സകള്‍ നടക്കുന്നത്. രോഗബാധിതനായതിനെ തുടര്‍ന്ന് അടുത്ത് നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഏഷ്യന്‍ ഗെയിംസില്‍ നിന്നും താരം പിന്മാറിയിരുന്നു. മൂന്ന് തവണ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ നേടിയിട്ടുള്ള താരമാണ് ലീ ചോംഗ്.

ലീ ചോംഗ് എത്രയും വേഗം രോഗത്തില്‍ നിന്നും സുഖം പ്രാപിക്കട്ടെ എന്ന് ഇതിഹാസ താരം ലിന്‍ ഡാന്‍ പ്രതികരിച്ചു. ആദ്യഘട്ട ചികിത്സകള്‍ക്ക് ശേഷം ഈ മാസം അവസാനത്തോടെ ലി ചോംഗ് മലേഷ്യയിലെ വസതിയിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.

Top