സുലൈമാനി വധം; അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍

ബാഗ്ദാദ്: അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍. ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.

ഇറാഖിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ്‌ സുലൈമാനി ഉള്‍പ്പടെ എട്ട് പേര്‍ കൊല്ലപ്പെട്ടത്‌. ഇവര്‍ വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യുഎസ് വിരുദ്ധ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയിരുന്നു. യുഎസ് സൈനികരുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടുകയും ചെയ്തു.ഇതിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം അമേരിക്ക റോക്കറ്റ് ആക്രമണം നടത്തിയത്.

Top