സൗദി അറേബ്യയിലെ വിമാനത്താവളത്തിന് നേര്‍ക്കുണ്ടായ ഹൂതി ആക്രമണത്തെ അപലപിച്ച് ബഹ്റൈന്‍

മനാമ: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ഹൂതി ആക്രമണത്തെ ബഹ്റൈന്‍ അപലപിച്ചു. സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ഹൂതികള്‍ വിമാനത്താവളത്തിനെ ലക്ഷ്യമാക്കി നടത്തിയ ആക്രമണം അറബ് സഖ്യസനേ പരാജയപ്പെടുത്തിയിരുന്നു.

എന്നാല്‍ തകര്‍ന്നുവീണ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഏതാനും പേര്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും എയര്‍പോര്‍ട്ട് കെട്ടിടത്തിന് നാശനഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു. ഹൂതി ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും എല്ലാ ആഗോള മാനദണ്ഡങ്ങളുടെയും ലംഘനമാണെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഹൂതി ആക്രമണങ്ങളില്‍ നിന്ന് ദേശീയ സുരക്ഷ, സ്ഥിരത എന്നിവയ്ക്ക് പ്രതിരോധ കവചം തീര്‍ക്കാന്‍ സൗദി നടത്തുന്ന ശ്രമങ്ങള്‍ക്ക് ബഹ്റൈന്‍ പിന്തുണ അറിയിച്ചു. രാജ്യത്തിനും ജനങ്ങള്‍ക്കും വസതുവകകള്‍ക്കും ഭീഷണിയാകുന്ന ഇത്തരം ആക്രമണങ്ങളെ അപലപിക്കാന്‍ ബഹ്റൈന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

അതേസമയം സൗദി അറേബ്യ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങള്‍ തുടരുകയാണ്. ജിസാനിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലാണ് യെമന്‍ സായുധ വിമത സംഘമായ ഹൂതികള്‍ ആക്രമണം നടത്തിയത്. യാത്രക്കാരുള്‍പ്പെടെ 10 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു.

Top