സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തെ ബഹ്റൈന്‍ അപലപിച്ചു

റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനില്‍ നിന്ന് ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ബഹ്റൈന്‍ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരായ ആക്രമണമാണ് ഹൂതികള്‍ നടത്തിയതെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സൗദി സ്വീകരിക്കുന്ന നടപടികള്‍ക്ക് ബഹ്റൈന്‍ പിന്തുണ പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള ആക്രമണങ്ങളെ അപലപിക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച രാവിലെ 9.06 ഓടുകൂടി അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വന്ന സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ സൗദി സഖ്യസേന തകര്‍ക്കുകയായിരുന്നു. ഈ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ആകെ എട്ട് പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

അതിന് ശേഷം അബഹ വിമാനത്താവളത്തിന് നേരെ മറ്റൊരു ഡ്രോണ്‍ ആക്രമണവും സൗദി സഖ്യസേന പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ആക്രമണത്തില്‍ ആര്‍ക്കും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിരുന്നില്ല. 24 മണിക്കൂറിനിടെ വിമാനത്താവളത്തിന് നേരെയുണ്ടായ രണ്ട് ആക്രമണങ്ങളിലൂടെ ഹൂതികള്‍ യുദ്ധക്കുറ്റത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് അറബ് സഖ്യസേന ആരോപിച്ചിരുന്നു.

 

Top